പെരുമ്പാവൂർ: മസ്തകത്തിന് പരുക്കേറ്റ അതിരപ്പിള്ളിയിലെ ആനയെ ചികിത്സയ്ക്കായി കോടനാട് എത്തിച്ചു. കപ്രിക്കാട് അഭയാരണ്യത്തിൽ പ്രത്യേകം തയ്യാറാക്കിയ കൂട്ടിൽ വെച്ചാണ് ആനയ്ക്ക് ചികിത്സ നൽകുക. ഒന്നര മാസത്തോളം ചികിത്സ വേണ്ടി വരുമെന്നാണ് ഡോക്ടർ അരുൺ സക്കറിയ പറയുന്നത്.
ആന ആരോഗ്യവാനായാൽ മാത്രമേ ദൗത്യം വിജയകരമാകൂ. ആനയുടെ മസ്തകത്തിനേറ്റ മുറിവിന് ഒരടിയോളം ആഴമുണ്ട്. ഒന്നരമാസത്തോളം തുടർച്ചയായി ചികിത്സ നൽകേണ്ടിവരുമെന്നും ഡോ. അരുൺ സക്കറിയ മാധ്യമങ്ങളോട് പറഞ്ഞു.
ആനയുടെ ചികിത്സയ്ക്കായി പ്രത്യേക മെഡിക്കൽ സംഘത്തെ തീരുമാനിച്ചിട്ടുണ്ടെന്നും ഡോക്ടർ പറഞ്ഞു. നൽകേണ്ട ചികിത്സയെക്കുറിച്ച് മാർഗരേഖ ഉണ്ടാക്കും. ആന മയക്കം വിട്ട് തുടങ്ങിയിട്ടുണ്ടെന്നും ശാന്തനായാണ് കാണുന്നതെന്നും ഡോക്ടർ പറഞ്ഞു. കാട്ടാനകൾ തമ്മിൽ ഏറ്റുമുട്ടുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആനയ്ക്ക് ആദ്യം നൽകിയ ചികിത്സ ഫലം കണ്ടിരുന്നു. പുഴു കയറി വീണ്ടും അണുബാധയുണ്ടായതാണ്. ആന മയങ്ങി വീണത് ഗുണം ചെയ്തു. അതുകൊണ്ടാണ് സ്‌പോട്ടിൽ വെച്ച് ചികിത്സ നൽകാൻ സാധിച്ചത്. പഴുപ്പ് പൂർണമായും നീക്കം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ന് രാവിലെ ആറുമണിയോടെയാണ് ആനയെ മയക്കുവെടി വെച്ച് പിടിക്കാനുള്ള ശ്രമകരമായ ദൗത്യം തുടങ്ങിയത്. കുങ്കിയാനകളുടെ സഹായത്തോടെ ആനയെ അനിമൽ ആംബുലൻസിൽ കയറ്റി 9.30 ഓടെ ദൗത്യസംഘം കോടനാടേക്ക് തിരിച്ചു.
അതിരപ്പള്ളിയിൽ നടന്നത് സങ്കീർണമായ ദൗത്യമായിരുന്നു എന്നും വിദഗ്ധ ചികിത്സ നൽകി ആനയെ രക്ഷപ്പെടുത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും വാഴച്ചാൽ ഡിഎഫ്ഒ ആർ ലക്ഷ്മി പറഞ്ഞു. ഒന്നര മാസത്തോളം ആനയെ കൂട്ടിൽ തന്നെ നിർത്തി വിദഗ്ധ ചികിത്സ നൽകേണ്ടി വരുമെന്നാണ് റിപ്പോർട്ട്.