മുൻ വർഷങ്ങളിൽ ഉഷ്ണ തരംഗവും വരൾച്ചയും ആഞ്ഞു വീശിയപ്പോഴും ഇടുക്കിയിലെ കർഷകർക്ക് രക്ഷയായി നിന്ന ഒരു വിളവുണ്ട് കാട്ടുജാതി . ഏലവും കുരുമുളകും കാപ്പിയും പോലും കരിഞ്ഞു തുടങ്ങിയപ്പോഴും വാടാതെ നിന്നും കാട്ടുജാതി. പരിചരണമോ ജലസേചനമോ ഇല്ലാതെ ലാഭം കൊയ്ത കഥയാണ് കാട്ടുജാതി സ്വന്തമായുള്ള കർഷകർക്ക് പറയാനുള്ളത്. The wild species that survived the heat wave and saved the farmer
ഉത്പാദനം കുറയുകയും വിപണിയിൽ ആവശ്യക്കാർ ഏറുകയും ചെയ്തതോടെ കാട്ടുജാതിപത്രിയ്ക്കും കുരുവിനും ഹൈറേഞ്ചിലെ കമ്പോളങ്ങളിൽ മികച്ച വിലയാണ് പോയ വർഷം ലഭിച്ചത്. മുൻ വർഷങ്ങളിൽ 400-500 രൂപ ലഭിച്ചുകൊണ്ടിരുന്ന കാട്ടുജാതി പത്രിയ്ക്ക് ഇടുക്കിയിലെ കമ്പോളങ്ങളിൽ 700-750 രൂപ ലഭിച്ചിട്ടുണ്ട്. 70-80 രൂപ ലഭിച്ചിരുന്ന കാട്ടുജാതിയുടെ കുരുവിന് 100-120 രൂപയും ലഭിച്ചു.
മാർച്ച്, ഏപ്രിൽ മാസമാണ് കാട്ടുജാതിയുടെ പത്രിയും കുരുവും കമ്പോളങ്ങളിൽ വ്യാപകമായി എത്തുന്നത്. വേണ്ടത്ര പരിചരണമോ ജലസേചനമോ ഇല്ലാതെ തന്നെ കാട്ടുജാതിയിൽ നിന്നും ഉത്പാദനം ലഭിയ്ക്കുന്നതിനാൽ കർഷകർക്ക് ഏറെ നേട്ടമാണ്. ആഴത്തിൽ വേര് ഓടുന്നതിനാൽ വരൾച്ചയും കാട്ടുജാതിയെ ബാധിയ്ക്കാറില്ല. പത്രിക്ക് സാധാരണ ജാതിപത്രിയേക്കാൾ തൂക്കമുണ്ട്.
നിറത്തിലും ഗന്ധത്തിലും വ്യത്യാസവുമുണ്ട്. കട്ടപ്പന കമ്പോളത്തിൽനിന്ന് ഉത്തരേന്ത്യയിലേക്കാണ് കയറ്റി അയയ്ക്കുന്നത്. മരുന്ന് കമ്പനികളും മസാല കമ്പനികളും സാധാരണ ജാതിപത്രിയുടെ കൂടെ ഉപയോഗിക്കാനാണ് കാട്ടുജാതി ശേഖരിയ്ക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു.
കാട്ടുജാതിക്കുരു തൈകൾ ഉത്പാദിപ്പിയ്ക്കുന്ന നഴ്സറികളിലേയ്ക്കാണ് കയറ്റി അയയ്ക്കുന്നത്. ആഴത്തിൽ വേരോടുന്ന കാട്ടുജാതിയുടെ തൈകളിലാണ് ഗുണമേന്മയേറിയ നാട്ടുജാതി ബഡ്ഡ് ചെയ്തു പിടിപ്പിയ്ക്കുന്നത്.