ലക്‌നൗ: ഗർഭസ്ഥ ശിശു ആണോ പെണ്ണോ എന്നറിയാൻ ഭാര്യയുടെ വയർ കീറി പരിശോധിക്കാൻ ശ്രമിച്ച ഭർത്താവിന് ജീവപര്യന്തം. ഉത്തർപ്രദേശിലെ ബദൗൺ ജില്ലയിൽ നിന്നുളള പന്ന ലാൽ (46) നാണ് ശിക്ഷ ലഭിച്ചത്.
നിലവിൽ അഞ്ച് പെൺമക്കളുടെ പിതാവാണ് പന്ന ലാൽ. ആൺകുഞ്ഞ് വേണമെന്ന ആഗ്രഹവുമായി ഇയാൾ ഭാര്യയുമായി നിരന്തരം വഴക്കിടാറുണ്ടായിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്. ഇതിനിടെ ആറാമതും ഭാര്യ ഗർഭിണിയായി. ജനിക്കാൻ പോകുന്ന കുട്ടിയെച്ചൊല്ലി പതിവുപോലെ ഇയാൾ 2020 സെപ്റ്റംബർ 19 നും ഭാര്യയോട് വഴക്കിട്ടു. ഇതിന് പിന്നാലെയാണ് ഭാര്യയുടെ വയറ് കീറി പരിശോധിക്കാൻ ഒരുങ്ങിയത്.
പ്രതികരിച്ച ഭാര്യയെ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. എട്ട് മാസം ഗർഭിണിയായിരുന്ന ഭാര്യ അനിത വയറിന് മുറിവേറ്റതോടെ പ്രാണരക്ഷാർത്ഥം റോഡിലിറങ്ങി ഓടുകയായിരുന്നു. സഹോദരന്റെ അടുത്ത് സംഭവം പറഞ്ഞതോടെയാണ് ഇവരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞത്. പന്നലാൽ ഓടി രക്ഷപെടുന്നത് കണ്ടതായി സഹോദരനും മൊഴി നൽകിയിരുന്നു. അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും അനിതയെ മാത്രമേ രക്ഷിക്കാൻ കഴിഞ്ഞുള്ളു. കുട്ടിയുടെ ജീവൻ നഷ്ടമായിരുന്നു.
Read Also:ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു; സംഭവം മുരിങ്ങൂരിൽ