ഇടുക്കി ചിന്നക്കനാൽ – ബിയൽ റാം ഭാഗത്ത് നടത്തിയ പരിശോധനയിൽ അഞ്ചു ലിറ്റർ വാറ്റ് ചാരായവുമായി ഒരാളെ ഉടുമ്പൻചോല എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.
ചിന്നക്കനാൽ വില്ലേജിൽ സിങ്കുകണ്ടം സൂര്യഭവനിൽ മണികണ്ഠൻ (42) ആണ് അറസ്റ്റിലായത്.
രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. മുൻപ് വാറ്റി വീട്ടിൽ സൂക്ഷിച്ചിരുന്നത് വിൽപനയ്ക്കായി കൊണ്ടു പോയപ്പോഴാണ് പിടിക്കപ്പെട്ടത്.
ഇതിനിടെ അണക്കര കൊച്ചറപ്പാലം ആലഞ്ചേരി പടിയിൽ തമിഴ്നാട് അതിർത്തി അവസാനിക്കുന്ന സ്ഥലത്തുള്ള ഇല്ലിക്കാട്ടിൽ വ്യാജ വാറ്റിനായി പാകമായ 200 ലിറ്റർ കോട കണ്ടെടുത്ത് കേസെടുത്തു.
വനമേഖലയായതിനാൽ പ്രതി ആരെന്ന് അറിയാൻ സാധിച്ചില്ല. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ആണ് പരിശോധന നടത്തിയത്.
മുൻപും ഈ ഭാഗത്ത് നിന്നും കോടയും ചാരായവും കണ്ടെടുത്തിട്ടുള്ളതാണ്. വനമേഖലയിൽ വ്യാജ വാറ്റ് നടക്കുവാൻ സാധ്യതയുള്ള ഭാഗങ്ങളിൽ വരും ദിവസങ്ങളിലും പരിശോധന ഊർജിതമാക്കും.