ഇന്ത്യൻ ആൽക്കോ-ബിവറേജ് വ്യവസായ മേഖലയിലെ പുതിയ ചർച്ചാ വിഷയമാണ് നോൺ-ആൽക്കഹോളിക് സ്പിരിറ്റുകൾ അഥവാ സീറോ പ്രൂഫ് സ്പിരിറ്റുകൾ. ആൽക്കഹോൾ അടങ്ങാത്ത സ്പിരിറ്റുകളാണ് ഇവ. പരമ്പരാഗതമായ മദ്യത്തിൻ്റെ രുചി ഉണ്ടെങ്കിലും ആൽക്കഹോളിൻ്റെ അംശം ഇവയിൽ ലവലേശം കാണില്ല. ഇത്തരത്തിലുള്ള മദ്യത്തിന് ഇന്ത്യയിൽ ആവശ്യക്കാർ ഏറുന്നുവെന്നാണ് റിപ്പോർട്ടുകൾ.
ഇന്ത്യൻ നോൺ-ആൽക്കഹോളിക് ബിയറുകൾ വളരെക്കാലമായി മാർക്കറ്റിൽ നിലവിലുണ്ട്. എന്നാൽ ഇപ്പോൾ ആൽക്കഹോൾ അടങ്ങിയിട്ടില്ലാത്ത ജിന്നുകൾ, വോഡ്കകൾ, റമ്മുകൾ, കോക്ക്ടെയിലുകൾ എന്നിവ വ്യാപകമായി ഉപയോഗിക്കുന്ന പ്രവണത വർധിച്ചിരിക്കുകയാണ് എന്നാണ് റിപ്പോർട്ട്.
സോബർ, സോബ്രിറ്റി സിപ്‌സ്, ക്യാറ്റ്‌വാക്ക് ബൊട്ടാണിക്‌സ് തുടങ്ങിയ ബ്രാൻഡുകളാണ് ഇത്തരമൊരു പാനീയം ഇന്ത്യയിൽ അവതരിപ്പിച്ചതിൽ മുൻനിരക്കാർ. കലോറിയും വളരെ കുറഞ്ഞ അളവിലാണ് സീറോ പ്രൂഫ് സ്പിരിറ്റുകളിൽ ഉള്ളത്. മദ്യവുമായി ബന്ധപ്പെട്ട പാർശ്വഫലങ്ങളും ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകില്ല. ഇത് കഴിച്ചാൽ പിറ്റേന്ന് ഹാംഗ് ഓവർ ഉണ്ടാകുമെന്ന പേടിയും വേണ്ടെന്ന് വിദഗ്ദർ പറയുന്നു.