കോട്ടയം: കോട്ടയം നഗരസഭയിലെ പെൻഷൻ തട്ടിപ്പ് കേസിൽ പ്രതിയായ അഖിൽ സി വർഗീസിന്റെ സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കി.
പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച പ്രതി സ്ഥലംമാറ്റ ഉത്തരവിൽ ഇടംപിച്ച വാർത്ത മാധ്യമങ്ങൾപുറത്തുവിട്ടതോടെയാണ് നടപടി.
പെൻഷൻ ഫണ്ട് അമ്മയുടെ അക്കൗണ്ടിലേക്ക് മാറ്റി 2.39 കോടി രൂപയാണ് അഖിൽ തട്ടിയത്.
2.39 കോടി തട്ടിയ അഖിലിനായി ക്രൈം ബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ്.
കോട്ടയം നഗരസഭയിൽ അഖിൽ വർഗീസ് ജോലി ചെയ്ത് വരുന്നതിനിടയിലാണ് 2.39 കോടി പെൻഷൻ തുക തട്ടിപ്പ് നടത്തിയതായി കണ്ടെത്തുന്നത്.
നഗരസഭയിലെ പെൻഷൻ തുക അഖിൽ തന്റെ അമ്മയുടെ അക്കൗണ്ടിലേക്ക് മാറ്റിയതായി കഴിഞ്ഞ ആഗസ്റ്റിലാണ് വ്യക്തമാകുന്നത്.
കേസ് വരുന്നതിന് മുൻപ് കൊടുത്ത ട്രാൻസ്ഫർ അപേക്ഷയിലാണ് ഇപ്പോൾ ഓർഡർ പുറത്തുവന്നത്. സ്വാഭാവികമായ നടപടിയാണെന്നാണ് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പ്രതികരണം.
എന്നാൽ ഒളിവിൽ കഴിയുകയും ലുക്കൗട്ട് നോട്ടീസ് പുറത്തിറങ്ങുകയും ചെയ്ത ഒരു പ്രതിക്ക് ജോലിയിൽ ട്രാൻസ്ഫർ നൽകിക്കൊണ്ട് ഓർഡർ ഇറങ്ങുന്നത് കേട്ടുകേൾവിയില്ലാത്ത കാര്യമാണെന്നാണ് ജീവനക്കാരുടെ പ്രതികരണം.
വാർഷിക സാമ്പത്തിക പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. കോട്ടയം നഗരസഭയിൽ ജോലിചെയ്തിരുന്ന സമയത്ത് പെൻഷൻ വിഭാഗം കൈകാര്യം ചെയ്തിരുന്ന കാലം മുതൽ അഖിൽ നടത്തിയ പണമിടപാടിൽ തട്ടിപ്പുണ്ടായെന്ന കണ്ടെത്തെലിനെത്തുടർന്നാണ് നഗരസഭാ സെക്രട്ടറി പോലീസിൽ പരാതി നൽകിയത്
പെൻഷൻ തട്ടിപ്പിൽ കേസെടുത്തതിനെ തുടർന്ന് അഖിൽ സി വർഗീസ് ആഗസ്റ്റ് മുതൽ ഒളിവിലാണ്. സാങ്കേതിമായ വീഴ്ചയെന്ന് ചൂണ്ടിക്കാട്ടിയാണ് എൽഎസ്ജിഡി ജോയിന്റ് ഡയറക്ടർ സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കിയത്.
അഖിൽ സി വർഗീസ് സിപിഎം ബന്ധമുള്ള ആളാണെന്നും ഇടത് യൂണിയൻ അംഗമാണെന്നും സർക്കാർ പ്രതിയെ സംരക്ഷിക്കുകയാണെന്നും കോൺഗ്രസും ബിജെപിയും ആരോപിച്ചിരുന്നു.
എന്നാൽ കോൺഗ്രസ് ഭരിക്കുന്ന നഗരസഭയിൽ അഖിൽ തട്ടിപ്പ് നടത്തിയത് ഭരണസമിതിയുടെ പിന്തുണയോടെയാണ് എന്നായിരുന്നു സിപിഎം ആരോപണം.