കുടത്തിനകത്ത് തലകുടുങ്ങി പരക്കം പാഞ്ഞ പുള്ളിപുലിയെ രക്ഷപ്പെടുത്തി. ശനിയാഴ്ച രാത്രി മഹാരാഷ്ട്രയിലെ ധൂലെ ജില്ലയിലെ ജനവാസ മേഖയിലാണ് സംഭവമുണ്ടായത്. വെള്ളം തേടുന്നതിനിടെയാണ് പുലിയുടെ തല ലോഹപ്പാത്രത്തിൽ കുടുങ്ങിയത്. വിവരം അറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥരും വെറ്ററിനറി ഡോക്ടർമാരും സംഭവസ്ഥലത്തെത്തി. അഞ്ച് മണിക്കൂർ പരിശ്രമത്തിനൊടുവിലാണ് പുലിയെ സുരക്ഷിതമായി രക്ഷിച്ചത്.
തലയിൽ കുടുങ്ങിയലോഹപാത്രം വെട്ടിമാറ്റിയാണ് പുലിയെ രക്ഷിച്ചത്. പുലിയെ കൂട്ടിൽ അടച്ച് വനത്തിൽ വിടുമെന്ന് കൊണ്ടൈബാരി വനംവകുപ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസർ സവിത സോനവാൻ അറിയിച്ചു. തലയിൽ കുടുങ്ങിയ കുടം നീക്കം ചെയ്ത പുലിയെ കാണാൻ വൻ ജനക്കൂട്ടമാണ് എത്തിയത്.
2018ൽ 12852 പുലികൾ രാജ്യത്തുണ്ടായിരുന്നത്. 2022ൽ ഇത് 13874 ആയി വർധിച്ചിട്ടുണ്ടെന്നാണ് പുറത്തുവന്ന കണക്കിൽ വ്യക്തമാക്കുന്നത്. മധ്യപ്രദേശിലാണ് (3907) ഏറ്റവുമധികം പുലികളെ കണ്ടെത്തിയിരിക്കുന്നത്. മഹാരാഷ്ട്ര (1985), കർണാടക (1879), തമിഴ്‌നാട് (1070)എന്നീ സംസ്ഥാനങ്ങളാണ് പട്ടികയിൽ തൊട്ട് പിന്നാലെയുള്ളത്. ഏറ്റവും കുറവ് ആന്ധ്രാപ്രദേശ്, അസം, വെസ്റ്റ് ബെംഗാൾ എന്നിവിടങ്ങളിലാണ്.









