ഇതുപോലൊരു കടുവപിടുത്തം കേരളംകണ്ടിട്ടുണ്ടാവില്ല
കാളികാവ് : മലപ്പുറം അടയ്ക്കാക്കുണ്ടിലെ കടുവാദൗത്യം സംസ്ഥാനത്തെ ഏറ്റവും ദൈർഘ്യംകൂടിയ വന്യജീവിദൗത്യമായി മാറി. 53 ദിവസത്തെ ദൗത്യത്തിന് ശേഷമാണ് നരഭോജി കടുവ കെണിയിലായത്.
44 ദിവസം നീണ്ടുനിന്ന വയനാട്ടിലെ കടുവാ ദൗത്യത്തെയാണ് കാളികാവ് കടുവ ദൗത്യം മറികടന്നത്. തോട്ടംതൊഴിലാളി ഗഫൂർ അലിയെ കടുവപിടിച്ച മേയ് 15-നാണ് ദൗത്യം തുടങ്ങിയത്.
അനുഭവസമ്പത്ത് ഏറെയുള്ള വയനാട് ആർആർടിയിലെ 17 അംഗങ്ങളും നിലമ്പൂർ നോർത്ത്, സൗത്ത് ഡിവിഷനിലെ ആർആർടി അംഗങ്ങളും വനപാലകരും ദൗത്യത്തിന്റെ ഭാഗമായി.
ഒരുദിവസംപോലും അവധിയില്ലാതെയാണ് തിരച്ചിലിന് നിയോഗിച്ച സംഘം ദൗത്യമുഖത്ത് ഉറച്ചുനിന്നത്. ദൗത്യത്തിനിടെ രണ്ടുതവണ സംഘം കുടുവയെ നേരിട്ട് കണ്ടിരുന്നു.
മയക്കുവെടി സംഘം കൂടെ ഇല്ലാത്തതിനാൽ ഒരുതവണ കടുവ നേർക്കുനേരേ പാഞ്ഞടുത്തപ്പോൾ വനപാലകർ മരത്തിൽക്കയറി രക്ഷപ്പെട്ടു. മറ്റൊരു തവണ അടുത്തെത്തിയ കടുവയെ റബ്ബർ ബുള്ളറ്റ് ഉപയോഗിച്ച് വെടിവെച്ച് പിന്തിരിപ്പിക്കുകയായിരുന്നു.
മലപ്പുറം, വയനാട് സംഘത്തിലെ 70 പേർ വീതം ദിവസവും കടുവ ദൗത്യത്തിൽ ഏർപ്പെട്ടു. 15 ദിവസം അടയ്ക്കാക്കുണ്ട് ക്രസന്റ് ഹയർസെക്കൻഡറി സ്‌കൂളിലാണ് ദൗത്യസംഘം ക്യാമ്പ് ചെയ്തത്.
സ്‌കൂൾ തുറന്നതോടെ സംഘം അടയ്ക്കാക്കുണ്ടിലെ ഒരു വീട്ടിലേക്ക് ക്യാമ്പ് മാറ്റുകയായിരുന്നു. 70 പേരടങ്ങിയ ദൗത്യസംഘത്തിന് ഒരുമിച്ച് ഭക്ഷണമൊരുക്കി നൽകി.
വയനാട്ടിൽ നിന്നെത്തിയ ആർആർടി അംഗങ്ങൾ പിന്നീട് നാട്ടിലേക്ക് തിരിച്ചുപോയിട്ടില്ല. കരുവാരക്കുണ്ട് : കാളികാവ്, കരുവാരക്കുണ്ട് മലവാരത്ത് വേറേയും കടുവകളുണ്ടെന്ന് നാട്ടുകാർ പറയുന്നു.
സുൽത്താന എസ്റ്റേറ്റിൽ കെണിയിൽ അകപ്പെട്ടത് പ്രായംചെന്ന അവശനിലയിലുള്ള കടുവയാണെന്നാണ് നാട്ടുകാർ പറയുന്നത്.
വളർത്തുമൃഗങ്ങളെയടക്കം പിടിക്കുന്ന ശക്തനായ കടുവ മലയടിവാരത്ത് വേറേയുണ്ടെന്നാണ് നാട്ടുകാർ വാദിക്കുന്നത്.
വെള്ളിയാഴ്ച സുൽത്താന എസ്റ്റേറ്റിനോടു ചേർന്നുള്ള പുറ്റള ആദിവാസി നഗറിൽ കണ്ട കടുവയാണ് കെണിയിൽ അകപ്പെട്ടതെന്നും പ്രദേശവാസികൾ പറയുന്നു.
അവശതകൊണ്ട് അരമണിക്കൂറിലേറെ കടുവ പുറ്റള ആദിവാസി നഗറിൽ നിന്നശേഷമാണ് തോട്ടത്തിലേക്കു എത്തിയത്. ഒരുവർഷം മുൻപ് കുണ്ടോട ഭാഗത്ത് കടുവയെയും രണ്ടു കുട്ടികളെയും പ്രദേശവാസികൾ നേരിട്ടു കണ്ടിരുന്നു.
ഇതു കൂടാതെ പുലിയുടെ കൂട്ടം വേറേയുമുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. കേരള എസ്റ്റേറ്റ് സി ഡിവിഷനിൽ കടുവയ്ക്കുവെച്ച കെണിയിൽ കുടുങ്ങിയ പുലി അതിലൊന്ന് മാത്രമാണെന്നാണ് നാട്ടുകാർ പറയുന്നത്.
കോമ്പിങ് തുടരും
അടയ്ക്കാക്കുണ്ടിലെ കടുവയ്ക്കായി തുടങ്ങിയ ദൗത്യം പെട്ടെന്ന് അവസാനിപ്പിക്കില്ല. കോമ്പിങ് തുടരുമെന്ന് നിലമ്പൂർ സൗത്ത് ഡിഎഫ്ഒ ജി. ധനിക് ലാൽ പറഞ്ഞു.
ഒരു ആവാസമേഖലയിൽനിന്ന് ഒരു കടുവ പോയാൽ മറ്റൊന്ന് വന്നുകൂടാറുണ്ടെന്ന് പഴമക്കാർ പറയുന്നു.
കൂടുതൽ നിരീക്ഷണങ്ങൾക്കുശേഷം മാത്രമേ ദൗത്യം അവസാനിപ്പിക്കുകയുള്ളൂ എന്നും ഡിഎഫ്ഒ പറഞ്ഞു.
ആളുകളുടെ ആശങ്കയകറ്റാൻ കഴിഞ്ഞതിൽ ആശ്വാസമുണ്ടെന്നും ദൗത്യവുമായി സഹകരിച്ച മലയോരവാസികളോട് നന്ദിയും കടപ്പാടുമുണ്ടെന്നും നേതൃത്വംനൽകിയ ജി. ധനിക് ലാൽ, കാളികാവ് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ പി. രാജീവ് എന്നിവർ വ്യക്തമാക്കി.
ഉപയോഗിച്ചത് മൂന്ന് ജില്ലകളിലെ ഉപകരണങ്ങൾ
കാളികാവ് : കാളികാവിൽ കടുവയെ കണ്ടെത്താനായി ഉപയോഗിച്ചത് മലപ്പുറം, വയനാട്, പാലക്കാട് ജില്ലകളിലെ ഉപകരണങ്ങൾ ആയിരുന്നു. 100 ക്യാമറകളും 16 ലൈവ് സ്ട്രീം ക്യാമറകളും ഇതിനായി ഉപയോഗിച്ചു.
കാളികാവ് പഞ്ചായത്തിലെ മലയോര പ്രദേശമായ അടയ്ക്കാക്കുണ്ടിൽനിന്ന് കടുവ കരുവാരക്കുണ്ട് പഞ്ചായത്തിലെ കാർഷികമേഖലയിലേക്ക് കടന്നതോടെയാണ് ഈ പ്രദേശത്ത് കൂടുതൽ ക്യാമറ സ്ഥാപിക്കേണ്ടി വന്നത്.
നിലമ്പൂർ നോർത്ത്, സൗത്ത് ആർആർടി, വയനാട് ആർആർടി ക്യാമ്പുകളിലെ സംവിധാനങ്ങളാണ് ആദ്യഘട്ടത്തിൽ ഇതിനായി പ്രയോജനപ്പെടുത്തിയത്.
ദൂരെയുള്ള സ്ഥലങ്ങളിൽ കടുവയുടെ കാൽപ്പാടുകൾ കണ്ടതോടെയാണ് പാലക്കാട് പറമ്പിക്കുളത്തുനിന്ന് കൂടുതൽ ക്യാമറകൾ ഉൾപ്പെടെ ഉള്ളവ എത്തിച്ചത്.
ഇത്തരത്തിൽ അഞ്ച് കെണികളും സ്ഥാപിച്ചു. ഒരു കെണിയിൽ പുലിയും മറ്റൊന്നിൽ കടുവയും കുടുങ്ങി. രണ്ട് ജന്തുക്കളും കെണിയിൽ അകപ്പെട്ടത് കരുവാരക്കുണ്ട് പഞ്ചായത്തിലെ കേരള എസ്റ്റേറ്റ്, സുൽത്താന എസ്റ്റേറ്റ് എന്നിവിടങ്ങളിൽ നിന്നാണ്.
ദൗത്യത്തിനായി മൂന്ന് കുങ്കിയാനകളെ എത്തിച്ചുവെങ്കിലും ഉപയോഗിച്ചില്ല. വന്യമൃഗങ്ങളെ മെരുക്കുന്നതിൽ പ്രത്യേക പ്രാവീണ്യം നേടിയ കുഞ്ചു, കോന്നി സുരേന്ദ്രൻ, സൂര്യൻ എന്നിവയെയാണ് കൊണ്ടുവന്നത്.
ചെങ്കുത്തായ മലവാരമായതിനാൽ കുങ്കിആനകളെ പ്രയോജനപ്പെടുത്താനാതെ തിരിച്ചുകൊണ്ടുപോവുകയാണ് ഉണ്ടായത്. കൊല്ലണമെന്നാവശ്യപ്പെട്ട് പ്രതിഷേധം
കെണിയിലകപ്പെട്ട കടുവയെ വെടിവെച്ചു കൊല്ലണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധിച്ചു. അതിനു നിയമതടസ്സമുണ്ടെന്ന് അധികൃതർ വിശദീകരിച്ചു.
കടുവയെ മൃഗശാലയിലേക്കു മാറ്റുമെന്ന് കാളികാവ് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ പി. രാജീവ് കരുവാരക്കുണ്ട് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് മഠത്തിൽ അബ്ദുൽലത്തീഫിന് രേഖാമൂലം ഉറപ്പുനൽകി.
നാട്ടുകാർ പ്രതിഷേധം തുടർന്നത് ചെറിയ സംഘർഷത്തിനു കാരണമായി. കൂടുതൽ പോലീസെത്തി ആളുകളെ മാറ്റിയശേഷമാണ് കടുവയെ അമരമ്പലം ആർആർടി ക്യാമ്പിലേക്കു മാറ്റാൻ വാഹനത്തിൽ കയറ്റിയത്.
കെണിയിലകപ്പെട്ട സ്ഥലത്തുതന്നെ പ്രഥമശുശ്രൂഷ നൽകാനുള്ള സംവിധാനം വനപാലകർ കരുതിയിരുന്നെങ്കിലും ആളുകളുടെ പ്രതിഷേധത്തെത്തുടർന്ന് ഉപേക്ഷിച്ചു.
അമരമ്പലത്തെത്തിച്ച് കടുവയ്ക്ക് കോഴിയിറച്ചി ഉൾപ്പെടെ ഭക്ഷണവും പ്രാഥമികചികിത്സയും നൽകിയശേഷമാണ് പുത്തൂരിലേക്കു കൊണ്ടുപോയത്.
സംസ്ഥാനത്ത് പിടിയിലാകുന്ന വന്യജീവികളെ പുതിയതായി തുടങ്ങിയ പുത്തൂർ വന്യജീവിസങ്കേതത്തിലേക്കാണു മാറ്റാറുള്ളത്.
പരിക്കേറ്റ ജീവികൾക്ക് വിദഗ്ധ ചികിത്സ നൽകാനുള്ള സംവിധാനമുൾപ്പെടെ അവിടെയുണ്ട്. കരുവാരക്കുണ്ട്: കെണിയിലകപ്പെട്ട കടുവയെ കൊണ്ടുപോകാൻ അനുവദിക്കാതെ നാട്ടുകാർ ആറുമണിക്കൂർ തടഞ്ഞുവെച്ചു.
തോട്ടം തൊഴിലാളി ഗഫൂർ അലിയെയും വളർത്തുമൃഗങ്ങളെയും കൊലപ്പെടുത്തിയ കടുവയെ വെടിവെച്ചുകൊല്ലണം എന്നാവശ്യപ്പെട്ടാണ് നാട്ടുകാർ പ്രതിഷേധിച്ചത്.
വനപാലകരും പോലീസും അനുനയിപ്പിക്കാൻ പരിശ്രമിച്ചെങ്കിലും പ്രതിഷേധത്തിൽ അയവുവരുത്താൻ നാട്ടുകാർ തയ്യാറായില്ല.
കൂവി ആർത്തുവിളിച്ച് എത്തിയ നാട്ടുകാർ ഉദ്യോഗസ്ഥരെ സംസാരിക്കാൻപോലും അനുവദിച്ചില്ല. പെരിന്തൽമണ്ണ, നിലമ്പൂർ സബ് ഡിവിഷനുകളിൽനിന്നുള്ള പോലീസുകാർക്കു പുറമെ ക്യാമ്പിൽനിന്ന് രണ്ടു ബറ്റാലിയനെക്കൂടി പ്രതിഷേധക്കാരെ നേരിടാനായി എത്തിച്ചു.
പ്രതിഷേധക്കാരെ തള്ളിമാറ്റാൻ പോലീസ് ശ്രമിച്ചത് വൻ സംഘർഷാവസ്ഥയ്ക്ക് ഇടയാക്കി.
കടുവയെ മൃഗശാലയിലേക്കു കൊണ്ടുപോകാമെന്ന് അധികൃതർ പറഞ്ഞുനോക്കി എന്നാൽ കടുവയ്ക്കുവെച്ച കെണിയിൽ ഒരുമാസം മുൻപ് കുടുങ്ങിയ പുലിയെ മൃഗശാലയിലേക്കു
മാറ്റുമെന്ന് ഉറപ്പുനൽകിയ അധികൃതർ കാട്ടിൽ തുറന്നുവിട്ടത് മറന്നിട്ടില്ലെന്നായിരുന്നു നാട്ടുകാരുടെ പ്രതികരണം.
സംഭവസ്ഥലത്തുവെച്ചുതന്നെ കാളികാവ് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ കടുവയെ മൃഗശാലയിലേക്കു മാറ്റുമെന്ന് എഴുതിനൽകിയതോടെയാണ് പ്രതിഷേധത്തിൽ അയവുണ്ടായത്.
നൂറിലേറെ ആളുകളുണ്ടായിട്ടും കടുവ അകപ്പെട്ട കെണി ഉൾപ്പെടെ ലോറിയിൽ കയറ്റുന്നതിൽനിന്ന് ആളുകൾ വിട്ടുനിന്നു. വൻ സുരക്ഷാ കാവലിലാണ് കടുവയെ ചികിത്സ നൽകാനായി അമരമ്പലം ആർആർടി ക്യാമ്പിലേക്കു കൊണ്ടുപോയത്.
ചെലവഴിച്ചത് ആറുലക്ഷം രൂപ
കാളികാവിലെ 53 ദിവസത്തെ കടുവാദൗത്യത്തിനായി ചെലവഴിച്ചത് ആറുലക്ഷം രൂപയോളം. കൂടുതൽ പണം ചെലവഴിക്കേണ്ടത് കുങ്കി ആനയുടെ അക്രമണത്തിൽ പരിക്കുപറ്റിയ പാപ്പാന്റെ ചികിത്സയ്ക്കാണെന്ന് ദൗത്യസംഘം മേധാവി ഡിഎഫ്ഒ ജി. ധനിക് ലാൽ അറിയിച്ചു.
ദൗത്യത്തിന് വയനാട് മുത്തങ്ങയിൽനിന്ന് ആദ്യം എത്തിച്ച കുഞ്ചു എന്ന ആനയാണ് ആളുകളെ കണ്ട് പ്രകോപിതനായി പാപ്പാനെ എടുത്തെറിഞ്ഞത്.
ഗുരുതരമായി പരിക്കേറ്റ പാപ്പാൻ കൊല്ലം കൊട്ടാരക്കര സ്വദേശി ജെ. അഭയകൃഷ്ണന്റെ (ചന്തു) ചികിത്സയ്ക്ക് 80,000 രൂപ ചെലവഴിച്ചെന്ന് ഡിഎഫ്ഒ പറഞ്ഞു.
വയനാട്, പറമ്പിക്കുളം എന്നിവിടങ്ങളിൽനിന്ന് കൊണ്ടുവന്ന ക്യാമറകൾ മതിയാകാതെ വന്നപ്പോൾ ആറു ലൈവ് സ്ട്രീം ക്യാമറകൾ ദൗത്യത്തിനു മാത്രമായി വാങ്ങി.
ദിവസവും 70 പേരടങ്ങുന്ന ദൗത്യസംഘത്തിന്റെ ഭക്ഷണത്തിനുതന്നെ വലിയ തുക ആവശ്യമായിവന്നു. കെണിയിൽ വെക്കാനുള്ള മൃഗങ്ങളെ വാങ്ങാൻ 6000 രൂപ ചെലവഴിച്ചു.
കെണിയിൽ കെട്ടിയ നാല് ആടുകളും ഒരു മുരിക്കൂട്ടിയും ചത്തു. രണ്ട് ആടുകളെ കടുവയും ഒന്നിനെ പുലിയും കൊന്നു. ഒരു ആടും മൂരിക്കുട്ടിയും മഴനനഞ്ഞ് ചത്തുവെന്നും ഡിഎഫ്ഒ പറഞ്ഞു.
ബാക്കി വനം വകുപ്പിന്റെ കൈവശമുള്ള രണ്ടു ആട്ടിൻ കുട്ടികളെയും ഒരു മൂരിക്കുട്ടിയെയും ലേലത്തിൽവെച്ച് തുക തിരിച്ചെടുക്കും. കരുവാരക്കുണ്ട് ഗ്രാമപ്പഞ്ചായത്ത് ഏൽപ്പിച്ച മൂരിക്കുട്ടിയെ തിരിച്ചു നൽകുമെന്നും അധികൃതർ പറഞ്ഞു.
അഞ്ച് കെണിയാണ് മലയോരത്തു സ്ഥാപിച്ചത്. തകരാറിലായ കെണികളുടെ അറ്റകുറ്റപ്പണികൾക്കും തുക ചെലവഴിച്ചു.
English Summary:
The tiger hunt in Adayakkakundu, Malappuram, has become the longest wildlife operation in the state. The man-eating tiger was finally captured after 53 days of intense efforts. This operation surpassed the 44-day-long tiger hunt in Wayanad. The mission began on May 15, after plantation worker Ghafoor Ali was attacked by the tiger.