കേരളത്തിന് റയിൽവെയുടെ അപ്രതീക്ഷിത ഗിഫ്റ്റ്. മൂന്നാം വന്ദേഭാരത് ട്രെയിൻ കൊല്ലത്തെത്തി എന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. എന്നാൽ, ട്രെയിനിൻ്റെ റൂട്ട്, സമയം എന്നിവയെ കുറിച്ച് റെയിൽവേ അധികൃതർ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ല. ഇതുകൂടാതെ, ഏതൊക്കെ സ്റ്റേഷനിലാണ് ഈ ട്രെയിൻ നിർത്തുക എന്നും നിലവിൽ വ്യക്തമല്ല. എന്നാൽ വരും ദിവസങ്ങളിൽ ഇതു സംബന്ധിച്ച വിവരങ്ങളും ലഭ്യമാകുമെന്നാണ് കരുതുന്നത്. ട്രെയിൻ കോച്ചുകളും കൊല്ലം സ്റ്റേഷനിൽ എത്തിയിട്ടുണ്ടെന്നു ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. എറണാകുളത്തെ സ്ഥല പരിമിതി കാരണമാണ് റേക്ക് നിലവിൽ കൊല്ലത്ത് നിലയുറപ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. വന്ദേഭാരത് അറ്റകുറ്റപ്പണികൾക്കായി റെയിൽവേ ഈയിടെ എറണാകുളം മാർഷലിംഗ് യാർഡിൽ ജോലികൾ നടത്തിയിരുന്നു.
നിലവിൽ രണ്ട് വന്ദേ ഭാരത് ട്രെയിനുകളാണ് കേരളത്തിൽ ഓടുന്നത്. ഒന്ന് തിരുവനന്തപുരത്ത് നിന്ന് കാസർകോട്ടേക്കും മറ്റൊന്ന് തിരുവനന്തപുരത്ത് നിന്ന് മംഗലാപുരത്തേക്കുമാണ് ഓടുന്നത്.