കോട്ടയം പാമ്പാടിയിൽ വാൽനക്ഷത്രം കാണാൻ കഴിഞ്ഞു. 80,000 വർഷത്തിൽ ഒരിക്കൽമാത്രം സൂര്യനും ഭൂമിക്കും അടുത്തെത്തുന്ന സുചിൻഷാൻ-അറ്റ്‌ലസ് വാൽനക്ഷത്രം ആകാശത്ത് ദൃശ്യമായി. കഴിഞ്ഞദിവസം കോട്ടയം കൂരോപ്പട മാതൃമല ക്ഷേത്രവളപ്പിൽനിന്ന് നക്ഷത്രത്തെ വ്യക്തമായി കാണാൻ കഴിഞ്ഞു. 2023-ലാണ് ശാസ്ത്രജ്ഞർ ഈ നക്ഷത്രത്തെ ആദ്യമായി കണ്ടെത്തിയതെന്നാണ് വിവരം. ഒക്ടോബർ 12 മുതൽ സൂര്യാസ്തമയത്തിനുശേഷം പടിഞ്ഞാറൻ ആകാശത്ത് ഈ വാൽനക്ഷത്രം പലയിടങ്ങളിലും ദൃശ്യമായിരുന്നു.
എന്നാൽ, കേരളത്തിലെ പ്രതികൂലകാലാവസ്ഥമൂലം വ്യാഴാഴ്ചമാത്രമാണ് ഇത് കാണാനായത്. അനുകൂലകാലാവസ്ഥയാണെങ്കിൽ മങ്ങിയനിലയിൽ കാണാൻ കഴിയും. എന്നാൽ, ടെലസ്കോപ്പോ ബൈനോക്കുലറോ ഫോൺക്യാമറയോ ഉപയോഗിച്ചാണെങ്കിൽ കൂടുതൽ വ്യക്തമായി കാണാം.
തെളിഞ്ഞ ആകാശമാണെങ്കിൽ അടുത്ത മൂന്നുദിവസംകൂടി ഇത് കാണാം. അതിവേഗം സഞ്ചരിക്കുന്ന ഈ നക്ഷത്രം സൗരയൂഥത്തിന് പുറത്തേക്ക് കടക്കുന്നതിനാൽ പിന്നീട് കാണാൻ കഴിയില്ല.
ആസ്ട്രോഫിസിക്സ് വിദ്യാർഥിയായ കോട്ടയം പള്ളിക്കത്തോട് ആനിക്കാട് ശ്രീരഞ്ജനയിൽ എ.നിരഞ്ജനാണ്, കൂരോപ്പട മാതൃമല ക്ഷേത്രത്തിന് സമീപത്തുനിന്ന് വ്യാഴാഴ്ച വാൽനക്ഷത്രത്തിന്റെ ചിത്രം പകർത്തിയത്.
വാൽനക്ഷത്രങ്ങൾ
ഐസും പാറയും പൊടിപടലങ്ങളും അടങ്ങിയ ചെറിയ വസ്തുക്കളാണ് വാൽനക്ഷത്രങ്ങൾ. സൂര്യനുസമീപം എത്തുമ്പോൾ ഇവയിൽനിന്ന് പുറന്തള്ളുന്ന പൊടിയും വാതകങ്ങളുമാണ്, ഭൂമിയിൽനിന്ന് നോക്കുമ്പോൾ ‘വാൽ’ ആയി കാണുന്നത്. ചില വാൽനക്ഷത്രങ്ങൾ ഒരു നിശ്ചിതകാലയളവിൽ വീണ്ടും സൂര്യനുസമീപം എത്തും. മറ്റുനക്ഷത്രങ്ങൾ ഒരിക്കൽമാത്രം സൂര്യനുസമീപമെത്തി, പിന്നീട് സൗരയൂഥത്തിന് പുറത്തേക്ക് പോകും. ഇവയെ പിന്നീട് കാണാനാകില്ല.
English summary:the Suchinshan Atlas comet, which approaches the Sun and Earth only once every 80,000 years; Kottayam Pampadi