മദ്യപിച്ച് അമ്മയെ അച്ഛൻ ഇന്നത്തെ തല്ലുന്നത് കണ്ടു ഗതികെട്ട പതിനഞ്ചുകാരൻ അച്ഛനെ വെട്ടിക്കൊന്നു. തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ ഞായറാഴ്ച രാത്രിയാണ് സംഭവം. സംഭവത്തിൽ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. പാചകക്കാരനായിരുന്നു കൊല്ലപ്പെട്ട അച്ഛൻ. യുവാവ് പതിവായി മദ്യപിച്ചെത്തി ഭാര്യയെ മർദിക്കാറുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഞായറാഴ്ച രാത്രി മദ്യപിച്ച് വീട്ടിലെത്തിയ ഇയാൾ ഭാര്യയെ മർദിക്കുകയായിരുന്നു. ഇത് കണ്ട മൂത്ത മകൻ അരിവാൾ എടുത്ത് പിതാവിനെ വെട്ടുകയായിരുന്നു. വെട്ടേറ്റ് സംഭവസ്ഥലത്ത് വെച്ച് തന്നെ അച്ഛൻ മരിച്ചു. അയൽവാസികൾ പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി മകനെ കസ്റ്റഡിയിലെടുത്തു. അച്ഛന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തൂത്തുക്കുടി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അയച്ചു.
