കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് നടത്തുന്ന രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി ദൗത്യസംഘത്തിന് എത്തിപ്പെടാൻ സാധിക്കാത്ത സ്ഥലങ്ങളിലും ഇന്ന് തെരച്ചിൽ നത്തും.The search will continue today in places where the mission team cannot reach
ഇതിനായി പ്രത്യേക ആക്ഷൻ പ്ലാൻ നടപ്പാക്കുമെന്ന് റവന്യൂമന്ത്രി കെ രാജൻ വ്യക്തമാക്കി.
സൂചിപാറയിലെ സൺറൈസ് വാലിയോട് ചേർന്നുകിടക്കുന്ന പ്രദേശത്താണ് ഇന്ന് പ്രത്യേക സംഘം തെരച്ചിൽ നടത്തുക. എയർ ലിഫ്റ്റിങ്ങിലൂടെയാകും പ്രത്യേക പരിശീലനം ലഭിച്ച ദൗത്യസംഘം ഇവിടേക്ക് എത്തുക.
ചാലിയാറിൻ്റെ ഇരു കരകളിലും സമഗ്രമായി തെരച്ചിൽ നടത്തിയെങ്കിലും മനുഷ്യർക്ക് എത്തിപ്പെടാൻ കഴിയാത്ത ഒരു ചെറിയ ഭാഗം പ്രദേശമുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. അവിടെയാണ് ഇന്ന് തെരച്ചിൽ നടത്താൻ തീരുമാനിച്ചിട്ടുള്ളത്.
ഇന്ന് രാവിലെ എട്ട് മണിക്ക് എസ്കെഎംജെ ഗ്രൗണ്ടിൽ നിന്ന് എയർ ലിഫ്റ്റിങ്ങിലൂടെ പ്രത്യേക സംഘം സ്പോട്ടിൽ എത്തിച്ചേരും. പരിശീലനം നേടിയ രണ്ട് ഫോറസ്റ്റ് ഉദ്യോഗസ്ഥരും, നാല് എസ്ഒജിയും ആറ് ആർമി സൈനികരും അടങ്ങുന്ന 12 പേരാണ് സംഘത്തിലുണ്ടാകുക.
സൺറൈസ് വാലിയോട് ചേർന്ന് കിടക്കുന്ന ഇരു കരകളിലും തെരച്ചിൽ നടത്തും. അവിടെ നിന്നും മൃതശരീരങ്ങൾ കൊണ്ടുവരേണ്ടത് ഉണ്ടെങ്കിൽ പ്രത്യേക ഹെലികോപ്റ്റർ സജ്ജമാക്കുമെന്നും മന്ത്രി പറഞ്ഞു.
ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാട്ടിൽ സൈന്യം തീരുമാനിക്കും വരെ തെരച്ചിൽ തുടരണമെന്ന് മന്ത്രിസഭാ ഉപസമിതി തീരുമാനിച്ചിരുന്നു. പുനരധിവാസത്തിനായി എല്ലാവരുടേയും സഹായത്തോടെ ബൃഹദ് പാക്കേജ് തയ്യാറാക്കും.
ദുരന്ത നിവാരണ നിധിയിൽ നിന്ന് കൂടുതൽ തുക പുനരധിവാസത്തിന് ഉറപ്പാക്കാൻ എൽ ത്രീ നിലയിലുള്ള ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് സംസ്ഥാന സർക്കാർ വീണ്ടും ആവശ്യപ്പെടും. ദുരന്തബാധിതരായ കുട്ടികളുടെ പഠനത്തിനായി പ്രത്യേക പദ്ധതി നടപ്പാക്കം.