കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കായുള്ള തെരച്ചിൽ ഇന്നും തുടരും. ദുരന്തത്തിൽപെട്ട 152 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. The search for those missing in the Wayanad landslide disaster will continue today
ദുരന്തത്തിന്റെ ഒമ്പതാം ദിവസമായ ഇന്ന് സൺറൈസ് വാലിയിൽ പ്രത്യേക സംഘത്തിന്റെ പരിശോധന തുടരും. വിവിധ വകുപ്പുകളുടെ മേധാവിമാർ തെരച്ചിലിന് നേതൃത്വം നൽകും.
നേരത്തെ പരിശോധന നടത്തിയ പ്രദേശങ്ങളിൽ ഇന്ന് വീണ്ടും വിശദമായ പരിശോധന നടത്താനാണ് തീരുമാനം. സൺറൈസ് വാലിയിൽ സൂചിപ്പാറ വെള്ളച്ചാട്ടത്തിന് താഴെ ഹെലികോപ്റ്ററിൽ ഇറങ്ങിയ പ്രത്യേക സംഘം ഇന്നലെ നാലു കിലോമീറ്റർ ദൂരം പരിശോധന നടത്തിയിരുന്നു. ഇന്ന് ആറു കിലോമീറ്റർ ദൂരം പരിശോധന നടത്താനാണ് ആലോചന.
അതേസമയം, തിരിച്ചറിയാത്ത 218 മൃതദേഹം ഇതുവരെ സംസ്കരിച്ചു. പുത്തുമലയിലെ ഈ ശ്മശാനഭൂമി പ്രത്യേക വേലി കെട്ടിത്തിരിച്ച്, സ്ഥിരം ശ്മശാനഭൂമിയാക്കും.
അതേസമയം ക്യാമ്പുകളിൽ കഴിയുന്നവർക്ക് നഷ്ടപ്പെട്ട റേഷൻ കാർഡുകൾ ഇന്ന് മുതൽ വിതരണം ചെയ്യും. ക്യാമ്പുകളിൽ കഴിയുന്നവരുടെ രക്ത സാമ്പിളുകൾ ഡിഎൻഎ പരിശോധനയുടെ ഭാഗമായി ശേഖരിക്കും.