സുനിതാ വില്യംസിനും സഹയാത്രികൻ ബാരി യൂജിൻ ബുഷ് വിൽമോറിനും ബഹിരാകാശ നിലയത്തിൽ 4 ദിവസം കൂടുതലായി ചെലവിടേണ്ടിവരും. രാജ്യാന്തര ബഹിരാകാശ നിലയത്തിൽനിന്ന് ഇന്ത്യൻ വംശജ സുനിത വില്യംസ് അടക്കമുള്ള ബഹിരാകാശ യാത്രികർ (ഐഎസ്എസ്) ഭൂമിയിലേക്കു തിരികെ വരാനുള്ള തീയതി ജൂൺ 22 ആയി പുതുക്കി. ബോയിങ് സ്റ്റാര്‍ലൈനറിന്റെ തിരിച്ചുവരവ് ആണ് നീട്ടി വച്ചിരിക്കുന്നത്.(The return journey of Sunita Williams and her companion will be delayed by 4 days)
സ്റ്റാർലൈനറിന്റെ ഷെഡ്യൂൾ ചെയ്ത മടങ്ങിവരവ് രണ്ടാംതവണയാണു വൈകുന്നത്. ജൂൺ 9ന് പ്രഖ്യാപിച്ചതനുസരിച്ച് ജൂൺ 18ന് ആയിരുന്നു മടങ്ങിവരവ്. ജൂൺ 13-നാണ് ആദ്യം പദ്ധതിയിട്ടിരുന്നതെങ്കിലും ‘സ്‌പേസ്‍സ്യൂട്ട് അസ്വസ്ഥത’ കാരണം ഇതു മാറ്റിവയ്ക്കുകയായിരുന്നു.പിന്നീടാണ് ഈ തീയതി പുനഃക്രമീകരിച്ചത്. മാറ്റിവയ്ക്കാനുള്ള സാധ്യതയോടെയാണു ദൗത്യം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നു നാസ വ്യക്തമാക്കി.
അതേസമയം, രാജ്യാന്തര ബഹിരാകാശ നിലയത്തിൽ അപകടകാരിയായ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയെന്ന റിപ്പോർട്ടിനു പിന്നാലെയാണു ദൗത്യം നീട്ടിവച്ചത് എന്നാണു റിപ്പോർട്ടുകൾ പറയുന്നത്. ശ്വാസകോശത്തെ മാരകമായി ബാധിക്കുന്ന, ആന്റി മൈക്രോബിയൽ മരുന്നുകളെ പ്രതിരോധിക്കാൻ ശേഷിയുള്ള മൾട്ടി ഡ്രഗ് റസിസ്റ്റന്റ് ബാക്ടീരിയയായ എന്ററോബാക്ടർ ബുഗൻഡൻസിസിനെയാണു ബഹിരാകാശ നിലയത്തിൽ കണ്ടെത്തിയത്.
സൂപ്പർബഗ് എന്നു വിളിക്കുന്ന, എറെക്കാലമായി നിലയത്തിലുണ്ടായിരുന്ന ഇവ, അതിനുള്ളിലെ അടഞ്ഞ അന്തരീക്ഷത്തിൽ ജനിതകമാറ്റത്തിലൂടെ കൂടുതൽ ശക്തിയാർജിച്ചിട്ടുണ്ടെന്നു ശാസ്ത്രജ്ഞർ പറയുന്നു. 24 വർഷത്തോളം ബഹിരാകാശത്തു കഴിഞ്ഞ ബാക്ടീരിയകൾ ഇതേ ഗണത്തിൽപെടുന്ന, ഭൂമിയിലുള്ള ബാക്ടീരിയകളെക്കാൾ ഏറെ അപകടകാരികളാണ് എന്ന് പറയപ്പെടുന്നു.
സുനിത വില്യംസും വിൽമോറും ജൂൺ ആറിനാണു പുതിയ ബോയിങ് സ്റ്റാർലൈനർ പേടകത്തിൽ ബഹിരാകാശ നിലയത്തിലെത്തിയത്. നിലയത്തിലുള്ള മറ്റ് 7 പേർ ദീർഘകാലമായി അവിടെയുള്ളവരാണ്. ബാക്ടീരിയയെ കണ്ടെത്തിയതോടെ കൂടുതൽ നിരീക്ഷണത്തിനു ശേഷമേ സുനിതയ്ക്കും വിൽമോറിനും ഭൂമിയിലേക്ക് മടങ്ങിയെത്താനാവൂ. അതിനാലാണു യാത്ര വൈകുന്നതെന്നാണു സൂചന.