കണ്ണൂർ: എഡിഎം നവീൻ ബാബുവിൻറെ മരണത്തിൽ അറസ്റ്റിലായ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻറ് പി.പി ദിവ്യയുടെ റിമാൻഡ് റിപ്പോർട്ട് remand report of PP Divya പുറത്ത്. പ്രതിയുടെ ക്രിമിനൽ മനോഭാവം വെളിവായെന്നും പ്രതി കുറ്റവാസനയോടെ നടപ്പാക്കിയ കുറ്റകൃത്യമെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
ദിവ്യയെ യാത്രയയപ്പ് ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് കലക്ടർ മൊഴി നൽകിയിട്ടുണ്ട്. ഉപഹാര വിതരണത്തിന് നിൽക്കാത്തത് ക്ഷണമില്ലാത്തതിൻറെ തെളിവാണ്. ചടങ്ങിൻറെ വീഡിയോ എടുക്കാൻ ഏർപ്പാടാക്കിയത് ദിവ്യയാണ്. പമ്പുമായി ബന്ധപ്പെട്ട് ഒരു പരാതിയും കിട്ടിയിട്ടില്ല എന്ന് കലക്ടറേറ്റിൽ ഇൻസ്പെക്ഷൻ സീനിയർ സൂപ്രണ്ട് മൊഴി കൊടുത്തിട്ടുണ്ട്. നിയമ വ്യവസ്ഥയുമായി ദിവ്യ സഹകരിച്ചില്ലെന്നും ഒളിവിൽ കഴിഞ്ഞുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
ജാമ്യം നൽകിയാൽ നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്നതാകുമെന്നും റിമാൻഡ് റിപ്പോർട്ട് . ദിവ്യക്കെതിരെ നേരത്തെ അഞ്ച് ക്രിമിനൽ കേസുകൾ ഉണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. സാക്ഷികളെ ഭീഷണിപ്പെടുത്താനും പിന്തിരിപ്പിക്കാനും സാധ്യതയുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
അതേസമയം ദിവ്യക്കെതിരായ സംഘടനാ നടപടി സംബന്ധിച്ച് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ തീരുമാനമായില്ല. ഉപതെരഞ്ഞെടുപ്പിന് ശേഷം നടപടി ചർച്ച ചെയ്യാനാണ് തീരുമാനം. ആത്മഹത്യാകേസിൽ ദിവ്യ ഇന്ന് ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്.
എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിൽ പങ്കെടുക്കാൻ ദിവ്യക്ക് ക്ഷണം ഉണ്ടായിരുന്നില്ലെന്നും കരുതിക്കൂട്ടിയാണ് അന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന ദിവ്യ യോഗത്തിന് എത്തിയതെന്നും പോലീസിന്റെ റിമാൻഡ് റിപ്പോർട്ട്. ദിവ്യ നടത്തിയത് ഗുരുതരമായ കുറ്റകൃത്യമാണ്.
എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിന്റെ തന്റെ പ്രസംഗം ചിത്രീകരിക്കാൻ ഏർപ്പാട് ആക്കിയതും ദിവ്യതന്നെ എന്ന് റിമാൻഡ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇന്നു ദിവ്യ കോടതിയിൽ ജാമ്യഹർജി സമർപ്പിക്കാൻ ഒരുങ്ങുമ്പോഴാണ് റിമാൻഡ് റിപ്പോർട്ട് പുറത്ത് എത്തിയത്.
അന്വേഷണത്തോട് സഹകരിക്കാതെയാണ് ഒളിവിൽ പോയത്. ദിവ്യയുടെ പ്രസംഗം സോഷ്യൽ മീഡിയയിൽ മനപൂർവം പ്രചരിപ്പിച്ചു. ഇത് എഡിഎമ്മിന് ആഘാതമുണ്ടാക്കി. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചത്. പ്രോസിക്യൂഷൻ കോടതിയിൽ എടുത്തതിനേക്കാൾ കർശനമായ കുറ്റപ്പെടുത്തലാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്.