പാലക്കാട്: ഉപതിരഞ്ഞെടുപ്പിനു കള്ളപ്പണം കൊണ്ടു വന്നെന്ന് ആരോപിച്ച് അർധരാത്രി വനിതാ കോൺഗ്രസ് നേതാക്കൾ താമസിച്ച ഹോട്ടൽ മുറിയിലേക്കു പൊലീസ് ഇടിച്ചു കയറി പരിശോധനയ്ക്കു ശ്രമിച്ചു.The police raided the hotel room
വനിതാ ഉദ്യോഗസ്ഥരില്ലാതെ എത്തിയ പൊലീസ് സംഘത്തെ ആദ്യം തടഞ്ഞു മടക്കി അയച്ചെങ്കിലും അരമണിക്കൂറിനു ശേഷം വനിതാ ഉദ്യോഗസ്ഥയെ എത്തിച്ചു പരിശോധന പൂർത്തിയാക്കി.
പക്ഷേ, പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല. രാത്രി 12.10നാണ് സൗത്ത്, നോർത്ത് പൊലീസ് സ്റ്റേഷനുകളിൽ നിന്നുള്ള ഉദ്യോഗസ്ഥ സംഘം ഹോട്ടലിലെത്തിയത്.
ഷാനിമോൾ ഉസ്മാൻ താമസിക്കുന്ന മുറിയിലേക്കു മുന്നറിയിപ്പോ വ്യക്തതയോ നൽകാതെ പരിശോധിക്കാൻ കയറുകയായിരുന്നു. ഉദ്യോഗസ്ഥരിൽ ചിലർ മഫ്തിയിലായിരുന്നതിനാൽ ഷാനിമോൾ ഉസ്മാൻ ഭയന്ന് മുറിയിൽ നിന്നു പുറത്തേക്കിറങ്ങി.
ഇതിനു പിന്നാലെ ബിന്ദുകൃഷ്ണയും ഭർത്താവ് കൃഷ്ണകുമാറും താമസിച്ചിരുന്ന മുറിയിലേക്കും ഉദ്യോഗസ്ഥർ കയറാൻ ശ്രമിച്ചു. ഇതോടെ രണ്ടു മുറികളും പൂട്ടി ബിന്ദുകൃഷ്ണയും ഷാനിമോൾ ഉസ്മാനും പുറത്ത് ഇറങ്ങി നിന്നു. ഇവരുടെ ആവശ്യ പ്രകാരം വനിതാ ഉദ്യോഗസ്ഥരെത്തി സാധന സാമഗ്രികളും മറ്റും വലിച്ചിട്ടു പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല.
ഇതിനിടെ പുറത്ത് സിപിഎം, ബിജെപി നേതാക്കൾ സംഘടിച്ചെത്തി പരിശോധന മറ്റു മുറികളിലേക്കു നീട്ടണമെന്നാവശ്യപ്പെട്ടു പ്രതിഷേധിച്ചു. കൂടുതൽ കോൺഗ്രസ് നേതാക്കൾ ഹോട്ടലിനു അകത്തേക്കും എത്തി.
ഇതോടെ ഹോട്ടലിൽ വലിയ സംഘർഷാവസ്ഥയായി. മാധ്യമ പ്രവർത്തകർക്കു നേരെയും കയ്യേറ്റ ശ്രമമുണ്ടായി. എംപിമാരായ വി.കെ.ശ്രീകണ്ഠൻ, ഷാഫി പറമ്പിൽ, ജ്യോതികുമാർ ചാമക്കാല എന്നിവർ ഹോട്ടലിലേക്ക് എത്തിയെങ്കിലും ഇവരെയും പുറത്തു കാത്തു നിന്ന ബിജെപി, സിപിഎം നേതാക്കളെയും അകത്തേക്കു കയറ്റി വിട്ടില്ല.
തുടർന്നു വീണ്ടും സംഘർഷാവസ്ഥയുണ്ടായി. എൽഡിഎഫിലെ എ.എ.റഹീം എംപിയും മറ്റും പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് പൊലീസിനോടു തർക്കിച്ചു.
ബിജെപി നേതാക്കളായ വി.വി.രാജേഷ്, സി.ആർ.പ്രഫുൽ കൃഷ്ണ, പ്രശാന്ത് ശിവൻ, സ്ഥാനാർഥി സി.കൃഷ്ണകുമാർ തുടങ്ങിയവരും പരിശോധന വേണമെന്ന് ആവശ്യപ്പെട്ടു ബഹളംവച്ചു. ഹോട്ടലിൽ താമസിക്കുന്ന സിപിഎം നേതാക്കളുടെ മുറികളിലും പരിശോധന വേണമെന്ന് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു.