നിങ്ങൾ ഈ കരുവന്നൂർ എന്ന് കേട്ടിട്ടുണ്ടോ എന്ന് കളിയാക്കി ചോദിക്കുന്ന കോൺഗ്രസുകാരോട് ഇല്ല, ഞങ്ങൾ അങ്കമാലി എന്ന് കേട്ടിട്ടുണ്ടെന്ന് സിപിഎം! പുറത്തുവരുന്ന വാർത്തകൾ പ്രകാരം രണ്ടും ഒന്നിനൊന്ന് മികച്ചതാണ്. സി.പി.എം നേതൃത്വത്തിലുള്ള കരുവന്നൂർ സഹകരണ ബാങ്കിൽ നടന്ന കോടികളുടെ തട്ടിപ്പിന് സമാനമാണ് കോൺഗ്രസ് നിയന്ത്രണത്തിലുള്ള അങ്കമാലി അർബൻ സഹകരണ സംഘത്തിൽ നടന്ന തട്ടിപ്പും.
സഹകരണ നിയമങ്ങൾക്ക് വിരുദ്ധമായി ഈ സംഘത്തിൽ നടന്ന ക്രമക്കേടുകളുടെ പേരിൽ സംഘം നടത്തിപ്പുകാർക്കെതിരെ സഹകരണ വകുപ്പ് 121 കോടിയുടെ പിഴ ചുമത്തിയിരിക്കുന്നത്. എന്നാൽ കോൺഗ്രസിന്റെ സഹകരണ സംഘത്തിന് 121 കോടി രൂപ പിഴയിട്ട വാർത്ത ഒട്ടുമിക്ക മുഖ്യധാര മാധ്യമങ്ങളും മുക്കി, ചിലർ അപ്രധാന പേജുകളിൽ ഒരു കോളം വാർത്തയിലൊതുക്കുകയായിരുന്നു. സിപിഎം ബാങ്കുകളിലെ തട്ടിപ്പ് ആഘോഷമാക്കിയ മാധ്യമങ്ങളുടെ ഇരട്ടത്താപ്പ് ചൂണ്ടികാട്ടി സിപിഎം സൈബർ സംഘങ്ങൾ ഇപ്പോൾ പ്രചരണം നടത്തുന്നുണ്ട്.
അങ്കമാലി സംഘത്തിലെ വായ്പത്തട്ടിപ്പ് കേസിൽ കോൺഗ്രസ് ഭരണസമിതി അംഗങ്ങളും ജീവനക്കാരും 121 കോടിയോളം രൂപ പിഴ അടക്കണമെന്നാണ് സഹകരണവകുപ്പ് ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്. സഹകരണചട്ടങ്ങൾക്കും നിയമാവലിക്കും വിരുദ്ധമായി സംഘത്തിന്റെ പണം ദുരുപയോഗം ചെയ്തതിനാണ് വകുപ്പ് പിഴ ചുമത്തിയത്. ക്രമ വിരുദ്ധമായ വായ്പകളും തിരിമറിയും നടത്തിയതിന് ഇതുവരെ അഞ്ച് ഡയറക്ടർ ബോർഡ് അംഗങ്ങളെയും രണ്ട് ജീവനക്കാരെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത് ജയിലാക്കിയിട്ടുണ്ട്. രണ്ട് ജീവനക്കാർ സസ്പെൻഷനിലാണ്. ആകെ 126 കോടിയിയുടെ വായ്പ ഇടപാടിൽ 96 കോടിയുടെ തട്ടിപ്പാണ് സംഘത്തിൽ നടന്നിട്ടുള്ളത്. ഇതിൽ ഇഡി അന്വേഷണവും നടന്നു വരികയാണ്.
അന്തരിച്ച സംഘം പ്രസിഡന്റ് പി ടി പോൾ– 7.42 കോടി, ഭരണസമിതി അംഗങ്ങളായ പി വി പൗലോസ്- -7.31, കെ ജി രാജപ്പൻനായർ– 7.35, ജോർജ്- -7.75, പി സി ടോമി- -7.35, വി ഡി ടോമി വടക്കുഞ്ചേരി– 7.35 കോടി, ടി വി ബെന്നി- -69.44 ലക്ഷം, എസ് വൈശാഖ്- -5.10 കോടി, സെബാസ്റ്റ്യൻ മാടൻ– 5.12, മാർട്ടിൻ ജോസഫ്– 5.16, എൽസി വർഗീസ്– 2.59, ലക്‌സി ജോയി– 7.31, മേരി ആന്റണി– 6.98, കെ എ പൗലോസ്– 2.15, കെ ജെ പോൾ- -1.05 കോടി, അന്തരിച്ച ഭരണസമിതി അംഗങ്ങളായ കെ ഐ ജോർജ് കൂട്ടുങ്ങൽ– 2.07 കോടി, എം ആർ സുദർശൻ– 31.67 ലക്ഷം എന്നിങ്ങനെ പിഴ അടക്കണമെന്നാണ് നിർദേശം.
അങ്കമാലി, കാലടി എന്നിവടങ്ങളിലെ പ്രാദേശിക കോൺഗ്രസ് നേതാക്കളാണ് ഡയറക്ടർ ബോർഡ് അംഗങ്ങൾ. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ പേരിലും ആധാരത്തിന്റെ പകർപ്പിലും വ്യാജ രേഖകൾ ഹാജരാക്കി വായ്പ തട്ടിയെടുത്തതായാണ് കേസ്. സഹകരണ വകുപ്പ് കഴിഞ്ഞ മാസം ഭരണസമിതി പിരിച്ച് വിട്ടതോടെ അഡ്മിനിസ്‌ടേറ്റർ ഭരണത്തിലാണ് ബാങ്ക്.
ഭരണസമിതി പ്രസി ഡന്റായിരുന്ന പരേതനായ പി ടി പോളും മറ്റ് ഭരണസമിതി അംഗങ്ങളും സംഘത്തിന്റെ ഫണ്ട് ദുരുപയോഗം ചെയ്തതും അനധികൃതവായ്പകൾ വാരിക്കോരി അനുവദിച്ചതും ഉൾപെടെയുള്ള തട്ടിപ്പുകൾ പുറത്തുവന്നിട്ടും സംസ്ഥാന കോൺഗ്രസ് നേതൃത്വം തട്ടിപ്പുകാർക്കെതിരെ നടപടി എടുക്കാൻ തയ്യാറായിട്ടില്ല എന്നതാണ് ഏറെ കൗതുകകരം. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ജില്ലയിൽ പ്രാദേശിക കോൺഗ്രസ് നേതാക്കൾ നടത്തിയ തട്ടിപ്പിനെക്കുറിച്ച് അദ്ദേഹം ഇത് വരെ പ്രതികരിച്ചിട്ടില്ല. അങ്കമാലി അർബൻ സംഘത്തിൽ 2008 മുതലാണ് തട്ടിപ്പ് വ്യാപകമായി നടന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.