കല്ലടിക്കോട്: ദേശീയപാതയിൽ കല്ലടിക്കോട്, കരിമ്പ, മുണ്ടൂർ മേഖലകളിലെ വർധിച്ചുവരുന്ന അപകടങ്ങൾ തടയാൻ വാഹനങ്ങളുടെ അനധികൃത പാർക്കിംഗ് തടയണമെന്ന ആവശ്യം ശക്തം.unauthorized parking
പന്നിയമ്പാടത്തും മുണ്ടൂർ പൊരിയാനിയിലും കയറംകോട് വടക്കൻമുറിയിലും കല്ലടിക്കോട് അയ്യപ്പൻകാവിനു സമീപവും ലോറികളടക്കമുള്ള വാഹനങ്ങൾ നിർത്തിയിടാൻ പ്രത്യേക സ്ഥലങ്ങൾ ഉണ്ടെങ്കിലും അവിടെ പാർക്കുചെയ്യാതെ പാതയുടെ വശങ്ങളിൽ അലക്ഷ്യമായി നിർത്തിയിടുന്നതു പതിവാണ്.
രാത്രിയിൽ വരുന്ന വാഹനങ്ങളുടെ ദൂരക്കാഴ്ച മറയ്ക്കാനും എതിരേവരുന്ന വാഹനങ്ങളിലിടിച്ചു അപകടങ്ങളൂണ്ടാകാനും ഇടയാക്കുന്നു.
കഴിഞ്ഞ ആഴ്ച കല്ലടിക്കോട് കാട്ടുശേരി അയ്യപ്പൻകാവിനു സമീപം കാറുംലോറിയും കൂട്ടിയിടിച്ച് അഞ്ചുപേർ മരിച്ചതിനു കാരണം തെരുവുവിളക്കുകളുടെ അഭാവവും അനധികൃത പാർക്കിംഗുമായിരുന്നു.
അനധികൃത വാഹനപാർക്കിംഗും വർധിച്ചുവരുന്ന വഴിയോരക്കച്ചവടങ്ങളും പ്രദേശത്തു അപകടങ്ങൾ ക്രമാതീതമായി ഉയരുന്നതിനു കാരണമായിട്ടുണ്ട്. നിരവധി ജീവനുകളാണ് ഈ അടുത്തകാലത്തുമാത്രം കല്ലടിക്കോടുഭാഗത്ത് നിരത്തുകളിൽ ഇല്ലാതായത്.
വാഹനങ്ങളുടെ അപകടമായ പാർക്കിംഗ് തടയണമെന്നും പിഴ ഈടാക്കണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കല്ലടിക്കോട് യൂണിറ്റ് പ്രസിഡന്റ് അജോ അഗസ്റ്റിൻ മഞ്ഞാടിക്കൽ ആവശ്യപ്പെട്ടു.