തിരുവനന്തപുരം: ആര്യനാട് ചെമ്പകമംഗലം ക്ഷേത്രത്തിൽ ഉത്സവപ്പറമ്പിൽ വെച്ചുണ്ടായ തർക്കം അവസാനിച്ചത് കത്തിക്കുത്തിൽ. ഉത്സവപ്പറമ്പിൽ താല്കാലിക ഫാൻസി സ്റ്റാൾ നടത്തി വന്നിരുന്ന മലയിൻകീഴ് മൂങ്ങോട്, കൂത്താകോട് മിനി ഭവനിൽ ഹരികുമാറിനാണ്(51) വയറിൽ മാരകമായി കുത്തേറ്റത്. സംഭവത്തിൽ ഹരികുമാറിൻറെ സഹായിയായി നിന്നിരുന്ന പൂജപ്പുര മുടവൻമുകൾ സരിത ഭവനിൽ ബൈജുവിനെ (48) പൊലീസ് അറസ്റ്റ് ചെയ്തു.
ബൈജു കുഴപ്പക്കാരനാണെന്ന് അയാളുടെ കാമുകിയോട് ഹരികുമാർ പറഞ്ഞെന്ന ആരോപണത്തെ തുടർന്നായിരുന്നു തർക്കം. ഇന്നലെ പുലർച്ചെ സ്റ്റാളിനുള്ളിൽ കയറി വില്പനക്കായി വച്ചിരുന്നു കത്തി ഉപയോഗിച്ച് ഹരികുമാറിൻറെ വയറിൽ മാരകമായി കുത്തി മുറിവേൽപ്പിക്കുകയായിരുന്നു.
പരിക്കേറ്റ ഹരികുമാറിനെ ഉടൻ തന്നെ ആര്യനാട് ഹോസ്പിറ്റലിലും തുടർന്ന് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ് ഹരികുമാർ. ആക്രമണ ശേഷം സംഭവ സ്ഥലത്ത് നിന്നും രക്ഷപെട്ട പ്രതിയെ ആര്യനാട് പൊലീസ് ഇൻസ്പെക്ടർ വി.എസ് അജീഷിൻറെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.