കടുവയെ കാട്ടിലേക്ക് തുറന്നു വിടരുത്
മലപ്പുറം: മലപ്പുറം കാളികാവ് സുൽത്താന എസ്റ്റേറ്റിൽ കെണിയിൽ കുടുങ്ങിയ നരഭോജിക്കടുവയെ
അമരമ്പലത്തെ വനംവകുപ്പ് കേന്ദ്രത്തിേലേക്ക് കൊണ്ടുപോയി.
വിശദമായ ആരോഗ്യ പരിശോധനക്ക് ശേഷം ബാക്കി തീരുമാനമെടുക്കുമെന്ന് വനംവകുപ്പ് മന്ത്രി പറഞ്ഞു.
കടുവ കൂട്ടിലായതോടെ നാട്ടുകാർ കൂടിനു ചുറ്റും പ്രതിഷേധിക്കുകയും കടുവയെ വെടിവച്ചു കൊല്ലണമെന്ന ആവശ്യം ഉന്നയിക്കുകയും ചെയ്തിരുന്നു.
ഇനി കടുവ കാട്ടിലേക്ക് തുറന്നു വിടില്ല എന്ന് അധികൃതർ ഉറപ്പു നൽകിയതോടെയാണ് നാട്ടുകാർ കൂട് വനംവകുപ്പിന്റെ വാഹനത്തിലേക്ക് കയറ്റാൻ സമ്മതിച്ചത്.
എന്നാൽ, 15 വയസോളം പ്രായമായ കടുവയുടെ വേട്ടപല്ലുകൾ വരെ നഷ്ടമായിട്ടുണ്ടെന്നുമാണ് പുറത്തു വരുന്ന വിവരം.
സൈലന്റ് വാലി ഡാറ്റാ ബേസിൽ പെട്ട കടുവയാണ് കൂട്ടിൽ കുടുങ്ങിയിരിക്കുന്നത്. ദൗത്യത്തിന്റെ 53-ാം ദിവസമാണ് കടുവ കൂട്ടിൽ കുടുങ്ങിയിരിക്കുന്നത്.
കെണിയിൽ വീണത് കാളികാവിലെ നരഭോജി കടുവ
മലപ്പുറം: പ്രദേശവാസികളെ രണ്ടു മാസമായി ഭീതിയുടെ മുൾമുനയിൽ നിർത്തിയ മലപ്പുറം കാളികാവിലെ നരഭോജി കടുവ വനംവകുപ്പിന്റെ കെണിയിൽ വീണു.
നടന്നുപോകുകയായിരുന്ന തൊഴിലാളികൾ കൂട്ടിലായ നിലയിൽ കടുവയെ കാണുകയായിരുന്നു.
ഉടൻതന്നെ വനംവകുപ്പ് അധികൃതരെ വിവരമറിയിക്കുകയും ചെയ്തു. കരുവാരകുണ്ട് സുൽത്താന എസ്റ്റേറ്റിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്.
മെയ് 15നാണ് ടാപ്പിംഗ് തൊഴിലാളി ആയിരുന്ന ഗഫൂറിനെ കടുവ ആക്രമിച്ച് കൊന്നത്. അന്ന് തുടങ്ങിയതാണ് ദൗത്യം.
ഒടുവിൽ കടുവ കൂട്ടിൽ ആയത് 53 ആം ദിവസമാണ്. ഗഫൂറും മറ്റൊരാളുമായാണ് റബ്ബര്‍ ടാപ്പിംഗിനെത്തിയത്.
കൂടെയുണ്ടായിരുന്ന ആള്‍ ഓടി രക്ഷപ്പെട്ടിരുന്നു. കരുവാരകുണ്ട് മേഖലയിൽ കടുവയുടെയും പുലിയുടെയും സാന്നിധ്യം കൂടുതലാണ്.
ഏകദേശം 50 ത്തോളം നിരീക്ഷണ ക്യാമറകളടക്കം മേഖലയിലെ റബ്ബർ തോട്ടങ്ങൾ കേന്ദ്രീകരിച്ച് സ്ഥാപിച്ചിരുന്നു.
ഇവയിലെല്ലാം കടുവയുടെ ചിത്രങ്ങൾ പതിഞ്ഞിരുന്നുവെങ്കിലും കടുവയെ പിടികൂടാൻ സാധിച്ചിരുന്നില്ല.
കടുവയ്ക്കു വെച്ച കെണിയിൽ വീണത് പുലി; സകല ജന്തുക്കളും കാടിറങ്ങിയിട്ടും അറിയാത്തത് വനം വകുപ്പ് മാത്രമായിരിക്കും
മലപ്പുറം: കാളികാവ് അടയ്ക്കാക്കുണ്ടിൽ ടാപ്പിങ് തൊഴിലാളിയെ കൊന്ന കടുവയെ പിടികൂടാനുള്ള
ദൗത്യത്തിൽ കുടുങ്ങിയത് പുലി. കടുവയെ പിടികൂടാൻ സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്.
കടുവയ്ക്കായി കേരള എസ്റ്റേറ്റ് സി-വൺ ഡിവിഷന് കീഴിലാണ് കൂട് സ്ഥാപിച്ചത്.
രാത്രിയിലാണ് കൂട്ടിൽ പുലി കുടുങ്ങിയത്. പുലിയുടെ സാന്നിധ്യം ഉണ്ടെന്ന് നാട്ടുകാർ നേരത്തെ പരാതിപ്പെട്ടിരുന്നു.
എന്നാൽ വനം വകുപ്പ് ഇത് തള്ളുകയായിരുന്നു.
ബുധനാഴ്ച രാത്രിയിൽ കൽക്കുണ്ടിലെ ഒരു വീട്ടിലെ വളർത്തുനായയെ പുലി കടിച്ചിരുന്നു.
ഇക്കാര്യം ഉന്നയിച്ചപ്പോഴും വനം വകുപ്പ് തള്ളിക്കളയുകയാണ് ചെയ്തത്.
ഇപ്പോൾ കൂട്ടിൽ പുലി കുടങ്ങിയതോടെ നാട്ടുകാർ കടുത്ത പ്രതിഷേധത്തിലാണ്.
നാട്ടിൽ വന്യമൃഗം ഇറങ്ങുന്നത് അറിയാത്തത് വനം വകുപ്പ് മാത്രമാണെന്ന വിമർശനമാണ് ഉയരുന്നത്.
ടാപ്പിങ് തൊഴിലാളിയെ കൊന്ന കടുവയെ തേടി 15 ദിവസമായി വനം വകുപ്പിന്റെ ടീം അലയുകയാണ്.
ദൗത്യസംഘം തോട്ടങ്ങളിൽ തിരയുമ്പോൾ കടുവയുടെ സാന്നിധ്യം ജനവാസകേന്ദ്രങ്ങളിലാണ്.
മൂന്നുതവണ തോട്ടം തൊഴിലാളികളും നാട്ടുകാരും കടുവയെ കണ്ടു.
പിടികൂടാൻ നടക്കുന്ന സംഘത്തിന് മുന്നിലും കടുവ എത്തിയെങ്കിലും മയക്കുവെടി വെയ്ക്കുന്നവർ ഇല്ലാത്തതിനാൽ നോക്കി നിൽക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ
English Summary :
The man-eating tiger that was trapped at the Sultan Estate in Kalikavu, Malappuram, has been taken to the forest department center in Amarambalam