തിങ്കളാഴ്ച വൈകീട്ട് നാലരയോടെയുണ്ടായ കനത്തമഴയിലും കാറ്റിലും മുംബൈയിലെ ഘാട്‌കോപ്പറിൽ പരസ്യബോർഡ് തകർന്നുവീണ് 14 പേർ മരിച്ച സംഭവത്തിലെ പ്രധാന പ്രതി ബലാത്സംഗക്കേസിലും പ്രതിയായ യുവാവ്. പരസ്യബോർഡിന്റെ ഉടമയായ ഭവേഷ് ഭിന്ദ(51) ആണ് സ്ഥിരം കുറ്റവാളിയാണെന്ന് പോലീസ് പറയുന്നത്. 2009-ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലെ സ്വതന്ത്ര സ്ഥാനാർഥിയായും മത്സരിച്ചിരുന്നു ഭവേഷ്. ഗോ മീഡിയ പ്രൈവറ്റ് ലിമിറ്റഡിൻ്റെ ഡയറക്ടറാണ് ഭവേഷ്. അനധികൃതമായി ഇത്തരം ബോർഡുകൾ സ്ഥാപിച്ചതിന് 20-ലധികം തവണ ഇയാൾ ശിക്ഷിക്കപ്പെട്ടിട്ടുണ്ട് എന്നാണു പോലീസ് പറയുന്നത്. മനഃപൂർവമല്ലാത്ത നരഹത്യയ്‌ക്കും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. ഭവേഷ് ഭിൻഡേ നിലവിൽ ഒളിവിലാണ്.
അനുമതിയില്ലാതെ പരസ്യബോർഡുകൾ സ്ഥാപിച്ചതിന് 21 കേസുകളാണ് മുംബൈ നഗരസഭാ പരിധിയിൽ ഭവേഷ് ഭിൻഡേക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ചെക്കുകൾ മടങ്ങിയതുമായി ബന്ധപ്പെട്ട കേസുകളും ഭവേഷിനെതിരെയുണ്ട്. ഇയാൾക്കെതിരെ ഈ വർഷം ആദ്യം മുംബൈയിലെ മുളുണ്ട് പോലീസ് സ്റ്റേഷനിൽ സെക്ഷൻ 376 പ്രകാരം കേസെടുത്തിരുന്നു. എന്നാൽ, പിന്നീട് ജാമ്യം ലഭിക്കുകയായിരുന്നു. പന്ത്‌നഗറിലെ ബി.പി.സി.എൽ. പെട്രോൾപമ്പിനുസമീപമായിരുന്നു തിങ്കളാഴ്ച ബോർഡ് തകർന്നുവീണത്. 100 അടിയിലേറെ ഉയരത്തിലുള്ള പരസ്യബോർഡാണ് നിലംപതിച്ചത്. സംഭവത്തിൽ 14 പേർ മരിച്ചിരുന്നു. അപകടത്തിന് ഉത്തകവാദികളായവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മുംബൈ പോലീസ് അറിയിച്ചു. പ്രദേശങ്ങളിൽ അവശേഷിക്കുന്ന പരസ്യബോർഡുകൾ നീക്കം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു.