ന്യൂഡൽഹി: അഭിഭാഷകരുടെ സേവനത്തിലെ പോരായ്മകളെ ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്താനാകില്ലെന്ന് സുപ്രീംകോടതി. അഭിഭാഷകൻ വാദിച്ച കേസ് തോറ്റുപോയാൽ അതിന്റെ ഉത്തരവാദിയായി അഭിഭാഷകനെ കണക്കാക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. പ്രൊഫഷണൽ ജോലികൾ ചെയ്യുന്നവരെ വ്യവസായികളെ പോലെ പരിഗണിക്കുന്നത് പ്രായോഗികമല്ലെന്നും കോടതി പറഞ്ഞു. ഉപഭോക്തൃ സംരക്ഷണ നിയമത്തിന് കീഴിൽ അഭിഭാഷകരുടെ സേവനത്തെ ഉൾപ്പെടുത്താനാകുമോയെന്ന വിഷയം പരിഗണിച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.
അഭിഭാഷകരുടെ സേവനങ്ങളിലെ അപാകതയെക്കുറിച്ചുള്ള പരാതികൾ ഉപഭോക്തൃ ഫോറത്തിൽ നൽകാനാവില്ലെന്ന് കോടതി പറഞ്ഞു. പ്രൊഫഷണലുകൾക്ക് ഉയർന്ന വിദ്യാഭ്യാസവും വൈദഗ്ധ്യവും മാനസിക അധ്വാനവും ആവശ്യമാണെന്നും ഒരു പ്രൊഫഷണലിന്റെ വിജയം അവരുടെ നിയന്ത്രണത്തിന് അതീതമായ വിവിധ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ ബേല ത്രിവേദി, പങ്കജ് മിത്തൽ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം.
2007-ൽ ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പ്രസ്താവിച്ച വിധിയെ റദ്ദാക്കിയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. അഭിഭാഷകർ നൽകുന്ന സേവനങ്ങൾ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ സെക്ഷൻ 2-ന്റെ പരിധിയിൽ വരുമെന്നായിരുന്നു കമ്മീഷന്റെ ഉത്തരവ്. സുപ്രീംകോടതിയുടെ നിരീക്ഷണത്തോടെ 2007ലെ കമ്മീഷന്റെ വിധി അസാധുവായി. കേസ് ഫെബ്രുവരി 26ന് കോടതി വിധി പറയാൻ മാറ്റി.
Read Also: സർക്കാരിന് കൈത്താങ്ങായി കുടിയന്മാർ; ഇത്തവണത്തേത് റെക്കോർഡ്; കണക്കുകൾ പുറത്ത്
Read Also: എല്‍ടിടിഇ നിരോധനം നീട്ടി കേന്ദ്ര സർക്കാർ; കാരണം ഇത്