തിരുവനന്തപുരം: ഇരയുടേയും വെടിവച്ച വേട്ടക്കാരിയുടേയും കൂടിക്കാഴ്ച തീർത്തും നിർവികാരമായിരുന്നു. തിരുവനന്തപുരം വഞ്ചിയൂരിൽ വീട്ടമ്മയെ വെടിവച്ച കേസിൽ പ്രതിയായ ലേഡി ഡോക്ടറും ആക്രമിക്കപ്പെട്ട ഷിനിയും തമ്മിൽ കണ്ടത് തെളിവെടുപ്പിനിടെ ആയിരുന്നു.The lady doctor who was accused in the case of shooting a housewife in Vanchiyur, and Shini, who was attacked, were seen during the taking of evidence.
പോലീസ് കസ്റ്റഡിയിൽ വാങ്ങിയ പ്രതിയെ ഇന്നലെയാണ് ചെമ്പകശേരി ലൈനിലെ പങ്കജ് എന്ന വീട്ടിലെത്തിച്ചത്. ഈ സമയം കൈക്ക് വെടിയേറ്റ് ചികിത്സയിലുള്ള ഷിനിയും വീട്ടിലുണ്ടായിരുന്നു. പ്രതിയെ തിരിച്ചറിയാൻ കഴിയുമോയെന്ന് പോലീസ് കുടുംബാംഗങ്ങളോട് ചോദിച്ചു.
വഞ്ചിയൂരിൽ വീട്ടമ്മക്ക് നേരെ ലേഡി ഡോക്ടർ വെടിവച്ച സംഭവത്തിൽ പോലീസിന്റെ തെളിവെടുപ്പ് തുടരുകയാണ്. നാലു ദിവസത്തെ കസ്റ്റഡിയിൽ ലഭിച്ച പ്രതിയുമായാണ് വഞ്ചിയൂർ പോലീസ് വിവിധയിടങ്ങളിൽ പരിശോധന നടത്തുന്നത്. പ്രതി ഉപയോഗിച്ച എയർഗൺ അടക്കം കണ്ടെത്താനാണ് പോലീസിന്റെ ശ്രമം. ആക്രമണമുണ്ടായ വീട്ടിൽ എത്തിച്ച് പ്രതിയുടെ തെളിവെടുപ്പ് പൂർത്തിയാക്കി.
പ്രതിയായ ഡോക്ടറെ കാണാൻ ഷിനിയുടെ ഭർത്താവ് സുജിത്തിന്റെ അച്ഛൻ ഭാസ്‌കരൻ നായരും അമ്മയും വീടിന് പുറത്തേക്കു വന്നു. എന്നാൽ സുജിത്ത് വീട്ടിൽ ഉണ്ടായിരുന്നില്ല. സുജിത്ത് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നും അതിന് പ്രതികാരം ചെയ്യാനാണ് ഭാര്യയെ ആക്രമിച്ചത് എന്നുമാണ് പിടിയിലായ ശേഷം പ്രതി മൊഴി നൽകിയത്.
പ്രതിയുടെ തിരിച്ചടി എന്നതിനപ്പുറം ഇതിൽ വസ്തുത ഉണ്ടോയെന്ന് ഉറപ്പില്ലെങ്കിലും മൊഴിയുടെ അടിസ്ഥാനത്തിൽ സുജിത്തിനെതിരെ പോലീസ് കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ സംഭവങ്ങളെല്ലാം ഉണ്ടാക്കിയ നിർവികാരതയും ആകുലതകളും എല്ലാവരുടേയും മുഖത്ത് പ്രകടമായിരുന്നു.
വെടിവച്ച സ്ഥലം, എങ്ങനെയാണ് വെടിവച്ചത് തുടങ്ങിയ കാര്യങ്ങൾ പ്രതി പോലീസിനോട് വിശദമായി തന്നെ പറഞ്ഞുകൊടുത്തു. മൂന്ന് റൌണ്ട് വെടിവച്ചെങ്കിലും ഒരെണ്ണം മാത്രമാണ് ഷിനിയുടെ കൈയ്യിൽ തുളച്ചുകയറിയത്. സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത ഈ വെടിയുണ്ട തെളിവിനായി പോലീസ് ശേഖരിച്ചിട്ടുണ്ട്.
വെടിവച്ച തോക്ക് അടക്കം കണ്ടെത്തുന്നതിനുള്ള പരിശോധനകൾ തുടരുകയാണ്. ഡോക്ടർ കാറിൽ വരികയും തിരിച്ചുപോവുകയും ചെയ്ത വഴികളിലുടെ തെളിവെടുപ്പ് പുരോഗമിക്കുകയാണ്. ജൂലെ 28നാണ് കൊറിയർ നൽകാനെന്ന വ്യാജേന വീട്ടിലെത്തി വിളിച്ചിറക്കി വെടിയുതിർത്തത്.