കേരളസാഹിത്യ അക്കാദമി അവാർഡുകൾ വിതരണം ചെയ്ത് രണ്ടാഴ്ച കഴിഞ്ഞിട്ടും സമ്മാനത്തുക കൈമാറിയില്ലെന്ന് പരാതി ഉയരുന്നു. ബാങ്ക് അക്കൗണ്ട് വഴി സമ്മാനത്തുക കൈമാറാമെന്ന് ഉറപ്പ് നൽകിയെങ്കിലും ഇതുവരെയും തുക ലഭിച്ചിട്ടില്ല. അതേസമയം, സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് അവാർഡ് തുക കൈമാറാൻ വൈകുന്നത് എന്നാണ് വിവരം.
മുൻവർഷങ്ങളിലും വൈകിയാണ് സമ്മാനത്തുക കൈമാറിയിരുന്നതെന്ന് അക്കാദമി സെക്രട്ടറി പ്രൊഫ. സി.പി. അബൂബക്കർ മാധ്യമങ്ങളോട് പറഞ്ഞു. 14-ാം തീയതിയാണ് അവാർഡ് ദാനം നടന്നത്. ഒരാഴ്ചയ്ക്കകം തുക സമ്മാനാർഹർക്ക് നൽകാൻ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത് എന്നും നിലവിൽ അക്കാദമിക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും കൂട്ടിച്ചേർത്തു.
സർക്കാർ ഫണ്ടിങ് വഴിയാണ് അക്കാദമി പ്രവർത്തിക്കുന്നത്. ഫണ്ടിന്റെ ദൗർലഭ്യം അക്കാദമിയുടെ പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്. സാഹിത്യോത്സവം നടത്താൻ സാധിക്കുമോ എന്നറിയില്ല. ഫണ്ടിന്റെ ലഭ്യതയനുസരിച്ച് മാത്രമേ അക്കാര്യം തീരുമാനിക്കാനാവൂ, എന്നും അദ്ദേഹം പറഞ്ഞു.
English summary : The Kerala Sahithya Academi Award prize money has not been handed over ; the delay is due to the financial crisis