ലോംഗ് ഫോര്‍ഡ് : മദ്യപിച്ച് ലക്കുകെട്ട് അമിതവേഗതയില്‍ വാഹനമോടിച്ച് യുവതികളെയടക്കം പരിക്കേല്‍പ്പിച്ച കേസില്‍ മലയാളി യുവാവിന് രണ്ടര വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ച് ഐറിഷ് കോടതി.
2023 ഏപ്രില്‍ 9 ന് കൗണ്ടി ലോംഗ്ഫോര്‍ഡിലെ ബാലിമഹോണിലാണ് അപകടം നടന്നത്.റോസ്‌കോമണിലെ ബാലിലീഗില്‍ ബാലിക്ലെയര്‍ കോര്‍ട്ടിലെ താമസക്കാരനായ നാല്‍പ്പത്തിയാറുകാരനായ ജെയ്സണ്‍ കുര്യനെയാണ് കോടതി ശിക്ഷിച്ചത്.
അയർലണ്ടിൽ കാറ്ററിംഗ് മേഖലയിൽ ജോലി ചെയ്യുന്ന ,ഷെഫ് കൂടിയായ ജെയ്സണ് ,ജോലി കഴിഞ്ഞു മടങ്ങവെയാണ് അപകടം ഉണ്ടായത്.
അപകടകരമായ ഡ്രൈവിംഗാണ് നടത്തിയത് എന്ന് ജെയ്സണ്‍ കോടതിയില്‍ സമ്മതിച്ചു. ജെയ്സണ്‍ ഓടിച്ച വാഹനം യുവതികള്‍ സഞ്ചരിച്ച കാറില്‍ ഇടിക്കുകയിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇവരുടെ കാര്‍ ഏകദേശം 360 ഡിഗ്രിയില്‍ കറങ്ങിയാണ് മതിലില്‍ ഇടിച്ചത്.
മള്‍ട്ടിഫാര്‍ണ്‍ഹാമിലെ സ്വകാര്യ ചടങ്ങിലും, മുള്ളിംഗറിലെ മലയാളികള്‍ സംഘടിപ്പിച്ച മറ്റൊരു പൊതു ചടങ്ങിലും ഭക്ഷണം വിളമ്പിയ കുര്യന്‍ തന്റെ വി.ഡബ്ല്യു കാഡി വാനില്‍ ”കേറ്ററിംഗ് ഉപകരണങ്ങളുമായി” വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം നടന്നത്.
മുള്ളിംഗറില്‍ നിന്നും വീട്ടിലേക്ക് പോകുന്നതിന് മുമ്പ് കുര്യന്‍ വൈനും വിസ്‌കിയും കഴിച്ചിരുന്നുവെന്ന് അദ്ദേഹം കോടതിയിൽ സമ്മതിച്ചു.
ലോംഗ്ഫോര്‍ഡില്‍ നിന്നും വന്ന യുവതികള്‍ അടങ്ങിയ സംഘം അവരുടെ ബാലിമഹോണിലെ വീട്ടിലേയ്ക്ക് മടങ്ങുമ്പോള്‍ പുലര്‍ച്ചെ മൂന്ന് മണിയോടെ R392 ലാണ് അപകടം സംഭവിച്ചത്.യുവതികളില്‍ ഒരാളുടെ ഭര്‍ത്താവായ കെയ്നാണ് വാഹനമോടിച്ചത്.
ദമ്പതികളെ പിന്നീട് തുല്ലാമോറിലെ മിഡ്ലാന്‍ഡ് റീജിയണല്‍ ഹോസ്പിറ്റലിലേക്ക് കൊണ്ടുവന്നു, മിസ് ഫോക്സ് എന്ന യുവതിയെ ഡബ്ലിനിലെ ബ്യൂമോണ്ട് ഹോസ്പിറ്റലിലേക്ക് മാറ്റി, അവിടെ അവരെ മസ്തിഷ്‌ക ശസ്ത്രക്രിയയ്ക്ക് വിധേയയാക്കേണ്ടി വന്നു.
റോഡ് സൈഡ് ബ്രെത്ത് ടെസ്റ്റ് നടത്തിയപ്പോള്‍ 100 മില്ലി ശ്വാസത്തില്‍ 48 മില്ലിഗ്രാം ആല്‍ക്കഹോള്‍ റീഡിംഗ് ആണ് കണ്ടെത്തിയത്.
അയര്‍ലണ്ടില്‍ വാഹനമോടിക്കാനുള്ള നിയമപരമായ പരിധിയേക്കാള്‍ രണ്ട് മടങ്ങ് കൂടുതലായിരുന്നു അത്.എതിര്‍ ഭാഗത്ത് നിന്നെത്തിയ വാഹനത്തിന്റെ ഹെഡ്ലൈറ്റില്‍ നിന്നുള്ള കൂടിയ പ്രകാശം തന്റെ കാഴ്ചയെ തകരാറിലാക്കിയെന്ന് ജെയ്സണ്‍ അവകാശപ്പെട്ടെങ്കിലും കോടതി ജെയ്സന്റെ വാദം തള്ളിക്കളയുകയായിരുന്നു.
അപകടസമയത്ത് ജെയ്സൺ മണിക്കൂറില്‍ 70 കിലോമീറ്ററിനും 73 കിലോമീറ്ററിനും ഇടയില്‍ വേഗതയിലാണ് സഞ്ചരിച്ചിരുന്നതെന്നും ഗാര്‍ഡ കണ്ടെത്തിയിരുന്നു.
ഇവിടെ മണിക്കൂറില്‍ 60 കിലോമീറ്റര്‍ പരിധിയില്‍ മാത്രമേ സഞ്ചരിക്കാനാവുമായിരുന്നുള്ളു. മാത്രമല്ല, ‘ലേന്‍ അച്ചടക്കം പാലിക്കുന്നതില്‍ ജെയ്സനായില്ലെന്നും തുടര്‍ച്ചയായി വെള്ളരേഖയ്ക്ക് മുകളിലൂടെ വാഹനം ഓടിച്ചു അപകടത്തിന് കാരണമുണ്ടാക്കുകയിരുന്നു ഇദ്ദേഹമെന്നും കോടതി നിരീക്ഷിച്ചു.