സ്വർണത്തിന്റെ രാജ്യാന്തര വില ചരിത്രത്തിലാദ്യമായി ഔൺസിന് 2500 ഡോളർ കടന്ന് കുതിക്കുന്നു. ഇന്ന് ഇന്ത്യൻ സമയം വൈകിട്ട്, ഒറ്റയടിക്ക് 41 ഡോളറോളം മുന്നേറി 2,500.16 ഡോളർ വരെ രാജ്യാന്തര വില എത്തി. കഴിഞ്ഞമാസം രേഖപ്പെടുത്തിയ 2483 ഡോളർ എന്ന റെക്കോർഡ് ഇതോടെ പഴങ്കഥയായി. (The international price of gold crossed $2,500 per ounce for the first time in history)
നിലവിൽ വ്യാപാരം പുരോഗമിക്കുന്നത് 2,489 ഡോളറിലാണ്. യുഎസിൽ പണപ്പെരുപ്പം താഴ്ന്നത് കണക്കിലെടുത്ത് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടുത്തമാസം അടിസ്ഥാന പലിശനിരക്ക് കുറച്ചേക്കുമെന്ന സൂചനയാണ് സ്വർണ വിലയിൽ വൻ കുതിപ്പുണ്ടാകാൻ കാരണം.
കേരളത്തിൽ നിലവിൽ ഈ മാസത്തെ ഉയർന്ന നിരക്കിലാണ് സ്വർണവിലയുള്ളത്. രാജ്യാന്തര വില, രൂപയുടെ മൂല്യം തുടങ്ങിയ ഘടകങ്ങൾ അടിസ്ഥാനമാക്കിയാണ് കേരളത്തിലും വില നിർണയമെന്നതിനാൽ സംസ്ഥാനത്ത് വരുംദിവങ്ങളിൽ സ്വർണവില ഉയർന്നേക്കും.
യുഎസിൽ ജൂലൈയിലെ റീറ്റെയ്ൽ പണപ്പെരുപ്പം 2021ന് ശേഷം ആദ്യമായി മൂന്ന് ശതമാനത്തിന് താഴെ എത്തിയതാണ് പലിശ കുറയ്ക്കാനുള്ള അനുകൂല സാഹചര്യമൊരുക്കുന്നത്.
യൂറോയും യെന്നും അടക്കം ലോകത്തെ 6 മുൻനിര കറൻസികൾക്കെതിരായ യുഎസ് ഡോളർ ഇൻഡെക്സ് 105ന് മുകളിൽ ആയിരന്നുന്നെങ്കിൽ ഇപ്പോഴത് 102.74ലേക്കും താഴ്‌ന്നിട്ടുണ്ട്. ഇതാണ് സ്വർണ വില കുതിക്കാനിടയാക്കിയത്.