മുംബൈ: തൊട്ടിലിൽ ഉറങ്ങിക്കിടന്ന നാലുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ പിതാവ് പിടിയിൽ. ഘട്കൊപാൽ ഈസ്റ്റിലെ കാമരാജ് നഗറിൽ താമസിക്കുന്ന സഞ്ജയ് കൊകാറെ(40)യാണ് കഴിഞ്ഞ വെള്ളിയാഴ്ച കുഞ്ഞിനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയത്. മൂന്നാമതൊരു കുട്ടിയെ ആഗ്രഹിച്ചിരുന്നില്ലെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. കുട്ടിയുടെ ‘അമ്മ നൽകിയ പരാതിയിലാണ് അറസ്റ്റ്.
നാലുമാസം മുമ്പാണ് ദമ്പതികൾക്ക് മൂന്നാമത്തെ കുഞ്ഞ് പിറന്നത്. വളരെ ദരിദ്രമായ സാഹചര്യമാണ് ഇവരുടെത്. വീട്ടുവേലക്കാരിയായി ജോലി ചെയ്യുകയാണ് കുട്ടിയുടെ അമ്മ ശൈലജ. നിലവിൽ രണ്ടു കുട്ടികളുള്ളതിനാൽ മൂന്നാമതൊരു കുട്ടി കൂടി വന്നപ്പോൾ സഞ്ജയ് ഒട്ടും സന്തോഷവാനല്ലായിരുന്നുവെന്ന് ശൈലജ പറയുന്നു.
മകൾ ജനിച്ച ശേഷം സഞ്ജയ് ശൈലജയുമായി വഴക്കിടുന്നത് പതിവായിരുന്നു. ശൈലജ ജോലിക്കു പോയ തക്കം നോക്കിയാണ് ഇയാൾ തൊട്ടിലിൽ ഉറങ്ങിക്കിടന്ന കുഞ്ഞിനെ കൊലപ്പെടുത്തിയത്. ഭാര്യ ജോലി കഴിഞ്ഞ് മടങ്ങിവന്നപ്പോൾ, കുഞ്ഞിന്റെ ആരോഗ്യം പെട്ടെന്ന് വഷളായെന്നും വിളിച്ചിട്ട് പ്രതികരിക്കുന്നില്ലെന്നുമാണ് സഞ്ജയ് പറഞ്ഞത്. ഉടൻ തന്നെ രണ്ടുപേരും കൂടി കുഞ്ഞിനെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുഞ്ഞിന്റെ അമ്മയാണ് മകൾ ജനിച്ചശേഷം ഭർത്താവിന്റെ സ്വഭാവത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് പൊലീസിനോട് പറഞ്ഞത്. ഉടൻ തന്നെ ഇയാളെ കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കുകയും ചെയ്തു. എല്ലാവരെയും തെറ്റിദ്ധരിപ്പിച്ച് രക്ഷപ്പെടാമെന്നായിരുന്നു സഞ്ജയ് ആദ്യം കരുതിയതെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.