ഹമാസ് ബന്ദികളാക്കിയവരെ തിരികെയെത്തിക്കണം എന്നാവശ്യപ്പെട്ട് ഇസ്രയേലിൽ കനത്ത പ്രതിഷേധം. പ്രക്ഷോഭകർ നെതന്യാഹുവിന് ബന്ദികളെ രക്ഷിക്കാൻ താത്പര്യമില്ലെന്ന് ആരോപിച്ചു. (The hostages must be returned; General strike in Israel)
ഇതിനിടെ വ്യാപാര സംഘടനകൾ പ്രക്ഷോഭകർക്ക് പിന്തുണ പ്രഖ്യാപിച്ച് പൊതു പണിമുടക്കും ആഹ്വാനം ചെയ്തു.
ഗാസയിലെ ടണലിനുള്ളിൽ നിന്നും കഴിഞ്ഞ ദിവസം ആറു ഇസ്രയേൽ ബന്ദികളുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെയാണ് ബന്ദികളുടെ ജീവൻ അപകടത്തിലാണെന്നും തിരികെയെത്തിക്കണമെന്നും ആവശ്യപ്പെട്ട് ഇസ്രയേലിൽ പ്രതിഷേധം കനത്തത്.
കഴിഞ്ഞ ദിവസം ഇസ്രയേൽ സൈനിക ഓപ്പറേഷനിൽ ഹമാസ് ബന്ദിയാക്കിയ ഇസ്രയേൽ പൗരനായ അറബ് വംശജനെ മോചിപ്പിച്ചിരുന്നു. ഇതേ രീതിയിലുള്ള ഓപ്പറേഷൻ തുടരുന്നതിനിടെയാണ് ബന്ദികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
130 ൽ അധികം ബന്ദികൾ ഗാസയിലുണ്ടെങ്കിലും ഇവരിൽ 40 ൽ അധികം ആളുകൾ യുദ്ധത്തിനിടെ കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. ശേഷിക്കുന്ന ബന്ദികളെ കൈമാറാൻ താത്കാലിക വെടിനിർത്തൽ ആകാമെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചെങ്കിലും ഗാസയിൽ നിന്നും ഇസ്രയേൽ പിന്മാറാതെ ചർച്ചക്ക് ഇല്ലെന്ന നിലപാടിലാണ് ഹമാസ്.
ഹമാസിനെ പൂർണമായും ഇല്ലായ്മ ചെയ്യാതെ പിന്മാറില്ലെന്ന് നെതന്യാഹുവും പ്രഖ്യാപിച്ചതോടെ ചർച്ചകൾ വഴിമുട്ടിയിരിക്കുകയാണ്.