കോട്ടയം: ഹൊറൈസൺ പ്രീമിയർ ലീഗിന് ആവേശ കൊടിയിറക്കം.കോട്ടയം മാന്നാനം കെ.സി.എ ക്രിക്കറ്റ് മൈതാനത്തായിരുന്നു മത്സരം നടന്നത്. ഹൊറൈസൺ ഗ്രൂപ്പിൻ്റെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള എട്ട് ടീമുകളാണ് മത്സരത്തിനിറങ്ങിയത്.
റോക്ക്സ് കോട്ടയവും സ്റ്റോം ക്രഷേഴ്സും തമ്മിലാണ് ആദ്യ മത്സരം നടന്നത്. 20 എക്സ്ട്രാ റൺസിൻ്റെ പിൻബലത്തിൽ 40 റൺസാണ് സ്റ്റോം ക്രഷേഴ്സ് നേടിയത്. പത്ത് വിക്കറ്റിനാണ് റോക്ക്സ് കോട്ടയം ആദ്യ മത്സരം വിജയിച്ചത്.

രണ്ടാം മത്സരം ഇടുക്കി ബ്ലാസ്റ്റേഴ്സും ബ്ലാക്ക് സ്ക്വാഡും തമ്മിലായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇടുക്കി ബ്ലാസ്റ്റേഴ്സ് 73 റൺസാണ് നേടിയത്. മികച്ച സ്കോർ കണ്ടെത്തി വിജയം ഉറപ്പിച്ചതാണെങ്കിലും ബ്ലാക്ക് സ്ക്വാഡ് അട്ടിമറിയിലൂടെ വിജയം നേടുകയായിരുന്നു.

മൂന്നാം മത്സരം സെഞ്ച്വറി തൊടുപുഴയും കട്ടപ്പന ടൈറ്റൻസും തമ്മിലായിരുന്നു. ടോസ് നേടിയ കട്ടപ്പന ടൈറ്റൻസ് ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. 63 റൺസാണ് സെഞ്ച്വറി തൊടുപുഴ നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ കട്ടപ്പന ടൈറ്റൻസ് 66 റൺസ് നേടി.
അവസാന മത്സരം കെ.ജെ വാരിയേഴ്സും സർവീസ് ഇലവനും തമ്മിലായിരുന്നു. ആദ്യം ബാറ്റ് ചെയ്ത സർവീസ് ഇലവൻ 81 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം ഉയർത്തി. വിജയത്തിലേക്ക് ബാറ്റ് ഏന്തിയ കെ.ജെ വാരിയേഴ്സിന് അവസാന ഓവറിൽ കാലിടറുകയായിരുന്നു. 6 റൺസിനാണ് സർവീസ് ഇലവൻ്റെ വിജയം.
ആദ്യ സെമി ഫൈനലിൽ ഏറ്റുമുട്ടിയത് റോക്ക്സ് കോട്ടയവും ബ്ലാക്ക് സ്ക്വാഡുമായിരുന്നു. ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ബ്ലാക്ക് സ്ക്വാഡിനെ തുടക്കം മുതൽ ആക്രമിച്ച് കളിച്ച റോക്സ് കോട്ടയം 77 റൺസ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ബ്ലാക്ക് സ്ക്വാഡ് ഏട്ട് ഓവറിൽ 66 റൺസിന് പുറത്താകുകയായിരുന്നു.
രണ്ടാം സെമിയിൽ കട്ടപ്പന ടൈറ്റൻസും സർവീസ് ഇലവനും ഏറ്റുമുട്ടി. ടോസ് നേടിയ സർവീസ് ഇലവൻ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആ തീരുമാനം ശരിവെയ്ക്കുന്ന വിധമായിരുന്നു സർവീസ് ഇലവൻ്റെ പ്രകടനം. ടൂർണമെൻ്റിലെ മികച്ച സ്കോർ ആയ 116 റൺസാണ് 8 ഓവറിൽ സർവീസ് ഇലവൻ നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ കട്ടപ്പന ടൈറ്റൻസ് ആദ്യമൊന്ന് പൊരുതി നോക്കിയെങ്കിലും സ്കോർ 68 ൽ എത്തിക്കാനെ സാധിച്ചുള്ളു. 48 റൺസിൻ്റെ ഗംഭീര വിജയമാണ് സർവീസ് ഇലവൻ നേടിയത്.
ഹൊറൈസൺ മോട്ടോഴ്സിൻ്റെ സെയിൽസ് ടീമും സർവീസ് ടീമുമാണ് ഫൈനലിൽ ഏറ്റുമുട്ടിയത്. സർവീസ് ഇലവൻ ക്യാപ്ടൻ ജ്യോതിഷ് റോക്സ് ഇലവൻ ക്യാപ്ടൻ സബിനും ടോസിംഗിനായി ഗ്രൗണ്ടിലേക്ക് ഇറങ്ങിയപ്പോൾ ആർപ്പുവിളികളുമായാണ് സഹപ്രവർത്തകർ സ്വീകരിച്ചത്. ടോസ് നേടിയ റോക്സ് ഇലവൻ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

എൽദോസും സനുവും ആണ് ഓപ്പണർമാരായി എത്തിയത്. വലിയ വെടിക്കെട്ട് പ്രതീക്ഷിച്ചെങ്കിലും ആദ്യ ഓവറിൽ 8 റൺസ് മാത്രമാണ് കണ്ടെത്താനായത്. രണ്ട് ഓവർ പൂർത്തിയായപ്പോൾ 18 റൺസ് ആണ് ഇരുവരും നേടിയത്. മൂന്ന് ഓവർ പൂർത്തിയായപ്പോൾ 22 റൺസ്.
നാലാം ഓവറിൽ റോക്സ് ഇലവൻ്റെ ആദ്യ വിക്കറ്റ് വീണു. 15 റൺസെടുത്ത എൽദോസിൻ്റെ വിക്കറ്റാണ് അഖിൽ വീഴ്ത്തിയത്. ഇതോടെ 4 ഓവറിൽ 31 റൺസായി റോക്സ് ഇലവൻ്റെ സമ്പാദ്യം
തൊട്ടടുത്ത ഓവറിൽ സബിൻ്റെ വിക്കറ്റും വീണതോടെ റോക്സ് ഇലവൻ ഒന്നു പതുങ്ങി. 5 ഓവറിൽ 35 റൺസ്. ഏഴാം ഓവറിൽ അടുത്ത വിക്കറ്റും വീണു. എട്ടാം ഓവറിൽ തൊട്ടടുത്ത ബോളുകളിലായി രണ്ടു വിക്കറ്റ് വീഴ്ത്തിയ ജ്യോതിഷ് വമ്പൻ ബ്രേക്ക് ത്രൂ ആണ് നൽകിയത്. 10 ഓവർ പൂർത്തിയായപ്പോൾ റോക്സ് ഇലവൻ്റെ സ്കോർ 91/6.
മറുപടി ബാറ്റിംഗിനിറങ്ങിയ സർവീസ് ഇലവൻ തുടക്കം മുതൽ അടിച്ചു തകർക്കുകയായിരുന്നു. ജിതിനും അജീഷുമായിരുന്നു ഓപ്പണിംഗ് ബാറ്റർമാർ.
തുടർച്ചയായ മൂന്ന് മത്സരങ്ങളിലും അർദ്ധ സെഞ്ച്വറി നേടിയ അജീഷ് തന്നെയാണ് സർവീസ് ഇലവൻ്റെ വിജയശിൽപി. ഫൈനലിൽ പുറത്താവാതെ 58 റൺസ് ആണ് അജീഷ് നേടിയത്.
അജീഷിൻ്റെ അർദ്ധശതകത്തിൻ്റെ പിൻബലത്തിൽ 4 വിക്കറ്റിനാണ് സർവീസ് ഇലവൻ വിജയിച്ചത്. അജീഷ് തന്നെയാണ് മാൻ ഓഫ് ദ സീരീസ്.
ഒന്നാം സമ്മാനമായ 15000 രൂപയും ട്രോഫിയും നേടിയ സർവീസ് ഇലവൻ അവ രണ്ടും തങ്ങളുടെ പ്രിയപ്പെട്ട സി.ഇ.ഒ അലക്സ് അലക്സാസാണ്ടറിന് കൈമാറി. തുടർച്ചയായ മൂന്നാം വർഷമാണ് തൻ്റെ പ്രിയപ്പെട്ട കുട്ടികൾ ഇത്തരത്തിൽ സമ്മാനം നൽകുന്നതെന്നും അലക്സ് അലക്സാണ്ടർ പ്രതികരിച്ചു.
രണ്ടാം സമ്മാനമായ 10000 രൂപയും ട്രോഫിയും റോക്സ് ഇലവൻ ഏറ്റുവാങ്ങി. മാൻ ഓഫ് ദ സീരീസ് പുരസ്കാരമായ 5000 രൂപയും ട്രോഫിയും അജീഷും ഏറ്റുവാങ്ങി.