കൊച്ചി: സംസ്ഥാന സര്‍ക്കാരിനെയും തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡിനെയും അഭിനന്ദിക്കുന്ന പരസ്യ ബോര്‍ഡുകള്‍ ക്ഷേത്രങ്ങളില്‍ അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി.
മുഖ്യമന്ത്രിയുടെയോ, എംഎല്‍എമാരുടെയോ, ബോര്‍ഡ് അംഗങ്ങളുടെയോ മുഖം കാണാനല്ല, ദൈവത്തെ കാണാനാണ് ഭക്തര്‍ ക്ഷേത്രത്തിലേക്ക് വരുന്നതെന്ന് ഹൈക്കോടതി പറഞ്ഞു.
ആലപ്പുഴ തുറവൂര്‍ മഹാക്ഷേത്രത്തില്‍ സ്ഥാപിച്ച പരസ്യ ബോര്‍ഡിനെതിരെ സ്വമേധയാ എടുത്ത കേസ് പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, മുരളീകൃഷ്ണ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ചിന്റെ നിരീക്ഷണം.
മണ്ഡലകാലത്ത് ശബരിമല തീര്‍ഥാടകര്‍ക്ക് അന്നദാനം അനുവദിച്ചതിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെയും മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി വി എന്‍ വാസവന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, എംഎല്‍എ എന്നിവരെ അഭിനന്ദിച്ചുകൊണ്ടുള്ള ചിത്രങ്ങളടങ്ങിയ ഫ്ളക്സ് ബോര്‍ഡാണ് ക്ഷേത്രത്തിൽ സ്ഥാപിച്ചിരുന്നത്. ഫ്‌ലെക്‌സില്‍ അതൃ്പതി അറിയിച്ച കോടതി ഇത്തരത്തിലുള്ള ബോര്‍ഡുകള്‍ അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കി.
ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളുടെ ഉടമയാണെന്ന് ധരിക്കരുതെന്നും ബോര്‍ഡ് അതിന്റെ കീഴിലുള്ള ക്ഷേത്രങ്ങള്‍ നിയന്ത്രിക്കുന്ന ട്രസ്റ്റി മാത്രമാണെന്നും ഹൈക്കോടതി പറഞ്ഞു.
തുറവൂര്‍ ക്ഷേത്രം ശബരിമല തീര്‍ഥാടകരുടെ ഇടത്താവളമാണെന്നും അവിടെ ഭക്തര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കടമയാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഇത്തരം ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് ക്ഷേത്ര ഉപദേശക സമിതിയുടെ ജോലിയല്ലെന്നും ഭക്തരില്‍ നിന്ന് ലഭിക്കുന്ന പണം ഇതിനായി ഉപയോഗിക്കരുതെന്നും കോടതി പറഞ്ഞു.