കൊച്ചി: പിവി അൻവർ എംഎൽഎയുടെ വെളിപ്പെടുത്തലിനെ തുടർന്ന് എഡിജിപി അജിത് കുമാറിനെതിരെ കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി. പൊതുപ്രവർത്തകനായ ജോർജ് വട്ടക്കുളമാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഹർജി അനവസരത്തിലുള്ളതാണെന്നും ആരോപണങ്ങളിൽ സർക്കാർ അന്വേഷണം നടത്തുന്നുണ്ടെന്നും സർക്കാർ കോടതിയിൽ വാദിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹർജി ഹൈക്കോടതി തളളിയത്.(The High Court rejected the plea seeking a central inquiry against the ADGP)
എഡിജിപിക്കെതിരെ ഭരണകക്ഷി എംഎൽഎ നടത്തിയ വെളിപ്പെടുത്തലുകൾ ഗൗരവമുള്ളതാണ്. ദേശീയ സുരക്ഷയെ പോലും ബാധിക്കുന്ന വിഷയമാണിത്. അതിനാൽ ദേശീയ സംസ്ഥാന അന്വേഷണ എജൻസികൾ ഇത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നായിരുന്നു ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്.
എന്നാല്‍ കഴിഞ്ഞ ദിവസം മാത്രമാണ് സർക്കാർ അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചതെന്നും അവർ ആദ്യത്തെ യോഗം പോലും ചേരുന്നതിനു മുമ്പാണ് അന്വേഷണം ശരിയല്ലെന്ന് ആരോപിച്ചുള്ള ഹർജിയെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ഇതു വെറും പബ്ലിസിറ്റിക്കു വേണ്ടിയാണെന്നും അപക്വമാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ കഴിഞ്ഞ മാസം 30 മുതൽ ആരോപണങ്ങൾ പുറത്തുവരുന്നുണ്ടെന്നും ഇതുവരെയും കാര്യമായ നടപടികളൊന്നും സ്വീകരിക്കാത്ത സാഹചര്യത്തിലാണ് ഹർജിയെന്നും വാദിച്ചെങ്കിലും കോടതി തള്ളുകയായിരുന്നു.