കൊച്ചി: പെരിന്തൽമണ്ണ നിയമസഭാ തെരഞ്ഞെടുപ്പില്‍ എൽഡിഎഫ് സ്ഥാനാർത്ഥി നൽകിയ ഹർജി തള്ളി ഹൈക്കോടതി. നജീവ് കാന്തപുരത്തിന്‍റെ ജയം ചോദ്യം ചെയ്ത് കെ പി എം മുസ്തഫ നൽകിയ ഹര്‍ജിയാണ് തള്ളിയത്. ഇതോടെ നജീബ് കാന്തപുരത്തിന് എംഎൽഎയായി തുടരാം.(The High Court rejected the Perinthalmanna assembly election case)
340 പോസ്റ്റൽ ബാലറ്റുകൾ എണ്ണിയില്ലെന്നായിരുന്നു കെ പി എം മുസ്തഫയുടെ പരാതി. പ്രസൈഡിംഗ് ഓഫീസർ ഒപ്പിട്ടില്ലെന്നായിരുന്നു കാരണം. നിയമസഭ തെരഞ്ഞെടുപ്പില്‍ പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ വെറും 38 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ നജീബ് കാന്തപുരം വിജയിച്ചത്. അപാകതകള്‍ ചൂണ്ടിക്കാട്ടി സ്പെഷ്യല്‍ തപാല്‍ വോട്ടുകള്‍ എണ്ണിയിരുന്നില്ല. ഉദ്യോഗസ്ഥൻ ബാലറ്റ് കവറിൽ ഒപ്പ് വെച്ചില്ല എന്ന കാരണത്താലാണ് എണ്ണാതിരുന്നത്. ഈ വോട്ടുകള്‍ അസാധുവാക്കിയതിനെതിരെയാണ് എതിര്‍ സ്ഥാനാര്‍ത്ഥി ഹൈക്കോടതിയെ സമീപിച്ചത്.
കേസുമായി ബന്ധപ്പെട്ട നടപടിക്കിടെ തെരഞ്ഞെടുപ്പ് രേഖകൾ അടങ്ങിയ പെട്ടി കാണാതെ പോയെന്ന് കണ്ടെത്തിയിരുന്നു. ഇത് പിന്നീട് മലപ്പുറം സഹകരണസംഘം ജോയിന്റ് രജിസ്ട്രാറുടെ ഓഫീസിൽ നിന്ന് കണ്ടെത്തി. ഈ പെട്ടികൾ പിന്നീട് ഹൈക്കോടതിയിൽ എത്തിച്ച് പരിശോധന നടത്തിയിരുന്നു.