ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച തിരുവനന്തപുരം സ്വദേശി പിടിയിലായി.
കാസർകോട് നീലേശ്വരത്തുള്ള 20കാരിയെ പരിചയപ്പെടുന്നത് യുവതിക്ക് പ്രായപൂർത്തിയാകുന്നതിന് മുൻപാണ്. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയായ 26കാരൻ ശ്യാംജിത്തിനെ നീലേശ്വരം പൊലീസ് അറസ്റ്റുചെയ്തു. പെൺകുട്ടിയെ ശ്യാംജിത്ത് കാറിനുള്ളിലും ലോഡ്ജ് മുറിയിലും വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി.
നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ 20-കാരിയുടെ പരാതിയിലാണ് നടപടി. പെൺകുട്ടി പ്രായപൂർത്തിയാകുന്നതിന് മുൻപാണ് ആറ്റിങ്ങലിൽ ടാക്സി ഡ്രൈവറായ ശ്യാംജിത്തിനെ ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ടത്. വിവാഹിതനായ യുവാവ് ഇക്കാര്യം മറച്ച് വെച്ചാണ് പെൺകുട്ടിയുമായി അടുപ്പത്തിലായത്. ഇൻസ്റ്റഗ്രാമിലെ സൌഹൃദം പിന്നീട് പ്രണയമായി. വിവാഹ വാഗ്ദാനം ചെയ്ത് പെൺകുട്ടിയുടെ വിശ്വാസവും പിടിച്ച് പറ്റി. പിന്നീട് പെൺകുട്ടിയെ കാണാൻ നീലേശ്വരത്തെത്തിയ യുവാവ് കുട്ടിയെ വിളിച്ച് വരുത്തി. തുടർന്ന് പുല്ലൂരിലെത്തിച്ച് ഇന്നോവ കാറിൽ വെച്ചും കാർണാടക ഉഡുപ്പിയിലെ ലോഡ്ജിൽ വെച്ചും പീഡിപ്പിച്ചെന്നാണ് പരാതി.
യുവാവ് വിവാഹിതനാണെന്ന വിവരം പെൺകുട്ടി പിന്നീടാണ് അറിയുന്നത്. വിവാഹിതനാണെന്നത് മറച്ചുവെച്ച് തന്നെ ശ്യാംജിത്ത് വഞ്ചിക്കുകയാണെന്ന് മനസ്സിലാക്കിയതോടെ യുവതി പൊലീസിൽ പരാതി നൽകി. തുടർന്നാണ് പൊലീസ് ആറ്റിങ്ങലിലെത്തി യുവാവിനെ പൊക്കിയത്.
പരാതിക്കാരിയുടെ മൊഴിയെടുത്ത ശേഷം യുവാവിനെതിരെ പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തു. കസ്റ്റഡിയിലെടുത്ത യുവാവിനെ ഹൊസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (ഒന്ന്)യിൽ ഹാജരാക്കി. രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
English summary: The girl was molested with a promise of marriage ; a married man is in police custody