സഞ്ചാരികൾക്ക് വാണിങ്ങുമായി വനംവകുപ്പിൻ്റെ അലെർട്ട് സിസ്റ്റം.
മറയൂർ ചന്ദന ഡിവിഷൻ്റെ കീഴിൽ വരുന്ന രണ്ടു ചെക്ക് പോസ്റ്റുകളിൽ സഞ്ചാരികൾക്ക് മുന്നറിയിപ്പ് സിസ്റ്റം നല്കുവാനുള്ള ഡിജിറ്റൽ ഡിസ്പ്ലേ ബോർഡുകൾ സ്ഥാപിച്ചു.
കേരളത്തിൽ ആദ്യമായിട്ടാണ് ഇത്തരത്തിലുള്ള ബോർഡുകൾ വനം വകുപ്പ് ചെക്ക് പോസ്റ്റുകളിൽ സ്ഥാപിച്ചിരിക്കുന്നത്.
മൂന്നാർ ഉടുമൽപ്പേട്ട അന്ത സംസ്ഥാന പാതയിൽ ചട്ട മൂന്നാർ ചെക്ക് പോസ്റ്റിലും മറയൂർ കാന്തല്ലൂർ റോഡിൽ പയസ് നഗർ ചെക്ക് പോസ്റ്റിലുമാണ് ഈ സംവിധാനം സ്ഥാപിച്ചിരിക്കുന്നത്.
ചട്ട മൂന്നാറിൽ രണ്ടു ഡിജിറ്റൽ ബോർഡും പയസ് നഗറിൽ ഒരു ഡിജിറ്റൽ ബോർഡുമാണ് സ്ഥാപിച്ചത്. മൂന്നാറിൽ നിന്നും വരുന്ന സഞ്ചാരികൾക്കും തിരികെ പോകുന്നവർക്കും റോഡിൽ മഞ്ഞുണ്ട്, റോഡിൽ ആനയുണ്ട്, വേഗത കുറയ്ക്കു (mysty road, elephants on the road, go slow) തുടങ്ങിയ സന്ദേശങ്ങളാണ് ബോർഡിൽ തെളിയുക.
മൂന്നാർ ഉടുമൽപ്പേട്ട, പാതയിൽ ചട്ട മൂന്നാർ മുതൽ മൂന്നാർ വരെയും മറയൂർ മുതൽ ചിന്നാർ വരെയും പടയപ്പ അടക്കമുള്ള കാട്ടാനകൾ നിത്യസാന്നിധ്യമാണ്.പലപ്പോഴും മഞ്ഞിൽ പാത കാണാതെ സഞ്ചാരികൾ അപകടത്തിൽ പെടുന്നത് തുടർക്കഥയാണ്.
പയസ് നഗർ മുതൽ കാന്തല്ലൂർ വരെ കാട്ടാനക്കൂട്ടം മൂലം അപകടങ്ങൾ നിത്യസംഭവമാണ്. ഈ സാഹചര്യത്തിലാണ് വനം വകുപ്പ് മുന്നറിയിപ്പ് സംവിധാനവുമായി രംഗത്ത് വന്നത് എന്ന് ഡി എഫ് ഒ പി.ജെ. സുഹൈബ് പറഞ്ഞു.
പാതയിൽ എവിടെയെങ്കിലും ആനയുടെ സാന്നിധ്യമുണ്ടെങ്കിൽ അത് മുൻകൂട്ടി വനം വകുപ്പ് അറിയുവാനും നടപടികൾ സ്വീകരിച്ച് വിവരം ഡിജിറ്റൽ ബോർഡിലൂടെ സഞ്ചാരികൾക്ക് നല്കുമെന്ന് അധികൃതർ പറയുന്നു.









