ദുബായ്: യുഎഇയിലെ 10 വർഷത്തെ ബ്ലൂ റസിഡൻസി വിസയുടെ ആദ്യ ഘട്ടം ആരംഭിച്ചു. പരിസ്ഥിതി മേഖലയിൽ സുപ്രധാന സംഭാവനകൾ നൽകിയ വ്യക്തികൾക്കാണ് ഈ വിസ നൽകുന്നത്. വേൾഡ് ഗവൺമെന്റ് സമ്മിറ്റിലാണ് ബ്ലൂ വിസയുടെ പ്രാരംഭ ഘട്ട പ്രഖ്യാപനം നടത്തിയത്.
ഈ ഘട്ടത്തിൽ സുസ്ഥിരത ചിന്താഗതിയും നൂതനാശയവുമുള്ള 20 പേർക്കാണ് വിസ ലഭിക്കുന്നത്. കാലാവസ്ഥ വ്യതിയാന, പരിസ്ഥിതി മന്ത്രാലയം, ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റി പ്രകാരമാണ് വിസ നൽകുന്നത്. ഗോൾഡൻ, ഗ്രീൻ വിസകളുടെ ഒരു വിപുലീകരണമാണ് ബ്ലൂ വിസ.
രാജ്യത്തിനകത്തും പുറത്തും പരിസ്ഥിതി സംരക്ഷണം, സുസ്ഥിരത തുടങ്ങിയ വിഷയങ്ങളിൽ സംഭാവനകൾ നൽകിയ വ്യക്തികളെ ആദരിക്കുന്നതിനായാണ് 10 വർഷത്തെ ബ്ലൂ റസിഡൻസി വിസ യുഎഇ സർക്കാർ കൊണ്ടുവന്നത്.
പരിസ്ഥിതി പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നവർ, അന്താരാഷ്ട്ര സംഘടനകളിലെ അംഗങ്ങൾ, അന്താരാഷ്ട്ര കമ്പനികൾ, അസോസിയേഷനുകളിലെയും സർക്കാരിതര സംഘടനകളിലെയും അംഗങ്ങൾ, ആഗോള അവാർഡ് ജേതാക്കൾ, പരിസ്ഥിതി പ്രവർത്തനങ്ങളിലെ വിശിഷ്ട പ്രവർത്തകർ, ഗവേഷകർ എന്നിവർക്കാണ് ഈ വിസ നൽകുന്നത്.
ആദ്യ ഘട്ടത്തിൽ സുസ്ഥിരത മേഖലയിലെ സർക്കാർ ഏജൻസികൾ വഴി സമർപ്പിക്കുന്ന അപേക്ഷകൾക്ക് ഇലക്ട്രോണിക് അംഗീകാരം നേടുകയാണ് ചെയ്യുന്നത്. ഇത് അതോറിറ്റിയുടെ വെബ്‌സൈറ്റിലെ നടപടിക്രമങ്ങൾക്ക് അനുസൃതമായിട്ടായിരിക്കും ലഭിക്കുന്നത്.
ഫെഡറൽ അതോറിറ്റി ഫോർ ഐസിപിയുടെ ഔദ്യോഗിക വിസ പ്ലാറ്റ്ഫോമായ smartservices.icp.gov.ae എന്ന വെബ്സൈറ്റിലൂടെയാണ് ബ്ലൂ റെസിഡൻസി വിസയ്ക്ക് അപേക്ഷ സമർപ്പിക്കേണ്ടത്. യുഎഇയിലെ യോഗ്യതയുള്ള അധികാരികളുടെ നാമനിർദ്ദേശം വഴിയും അപേക്ഷിക്കാം. 350 ദിർഹമാണ് നാമനിർദേശ അപേക്ഷ നൽകുന്നതിനുള്ള ഫീസ്.