ഉരുൾ പൊട്ടലുണ്ടായ അന്ന് പുലർച്ചെയാണ് ചാലിയാർ പുഴയിലൂടെ ആദ്യ മൃതദേഹം ഒഴുകി വന്നത്. മലപ്പുറം പോത്തുകല്ല് ഭാഗത്തേക്ക് ഒഴുകിയെത്തിയ ആ മൃതദേഹം ഒരു കുട്ടിയുടെതായിരുന്നു. പിന്നാലെ വെള്ളിലമാടും മുക്കത്ത് പുഴയിലുമായി രണ്ട് മൃതദേഹങ്ങൾ കൂടി കരക്കടിഞ്ഞു. ഇതോടെയാണ് വയനാട് മുണ്ടക്കൈയിലെ ഉരുൾപ്പൊട്ടലിന്റെ ഭീകരതയും വ്യാപ്തിയും ആളുകൾ മനസിലാക്കുന്നത്.The first body was washed down the Chaliyar River in the early morning on the day of the landslide
ഇതോടെ ചാലിയാർ പുഴയുടെ തീരങ്ങളിലുള്ളവർ ഒഴുകിയെത്തുന്ന മനുഷ്യശരീരങ്ങൾക്കായി തെരച്ചിൽ തുടങ്ങി. പിന്നാലെ മൃതദേഹങ്ങളുടെ എണ്ണവും കൂടിക്കൂടി വന്നു. ഉരുൾപ്പൊട്ടൽ നടന്ന ആദ്യ ദിവസം തന്നെ നിലമ്പൂർ ജില്ലാ ആശുപത്രയിലെത്തിച്ചത് 32 മൃതദേഹങ്ങളും 25 ശരീരഭാഗങ്ങളുമാണ്. ചാലിയാർ പുഴയുടെ തീരുമായനിലമ്പൂർ, മുണ്ടേരി എന്നിവിടങ്ങളിൽ നിന്നാണ് ഈ മൃതദേഹങ്ങളെല്ലാം കണ്ടെടുത്തത്.
ചാലിയാർ കേന്ദ്രീകരിച്ച് തെരച്ചിൽ ഊർജിതമാക്കി. സന്നദ്ധ സംഘടനാ പ്രവർത്തകരും പോലീസും ഫയർഫോഴ്‌സും നാട്ടുകാരും ഒന്നിച്ച് നിന്ന് പ്രവർത്തിച്ചു. രണ്ടാമത്തെ ദിവസം 20 മൃതദേഹങ്ങളും 59 അവശിഷ്ടങ്ങളും ലഭിച്ചു. പലതും തിരച്ചറിയാൻ സാധിക്കാത്തവ. ചാലിയാറിന്റെ ചുങ്കത്തറ കൈപ്പിനി, എഴുമാംപാടം, കുട്ടംകുളം, അമ്പിട്ടംപൊട്ടി, മുണ്ടേരി വാണിയംപുഴ എന്നിവിടങ്ങളിൽ നിന്നുമാണ് നാലാമത്തെ ദിവസം മൃതദേഹങ്ങൾ കണ്ടെടുത്തത്. രാവിലെ മുതൽ എൻഡിആർഎഫ്, നവികസേന, അഗ്‌നിരക്ഷാ സേന, വനം, പോലീസ് സേനകൾ എന്നിവരുടെ നേതൃത്വത്തിൽ ചാലിയാറിന്റെ വിവിധ ഭാഗങ്ങളിൽ തെരച്ചിലാരംഭിച്ചിരുന്നു.
ദുരന്തത്തിന് ഒരാഴ്ച പിന്നിടുമ്പോഴും ചാലിയാറിൽ ഒഴുകിയെത്തിയ മൃതദേഹങ്ങൾക്കായുള്ള തെരച്ചിൽ തുടർന്നു. ആകെ 75 മൃതദേഹങ്ങളും 158 മൃതദേഹ ഭാഗങ്ങളും ഇതുവരെ ലഭിച്ചു. 38 പുരുഷന്മാരുടെയും 30 സ്ത്രീകളുടെയും മൂന്ന് ആൺകുട്ടികുടെയും നാല് പെൺകുട്ടികളുടെയുമാണ് മൃതദേഹങ്ങൾ ലഭിച്ചത്. സൂചിപ്പാറ വെള്ളച്ചാട്ടവും കൊടുംവനത്തിലെ പാറക്കല്ലുകളും കടന്നുപോയതിനാലാകാം പുഴയിൽ നിന്ന് കിട്ടിയ മൃതദേഹങ്ങൾ ചിന്നിച്ചിതറിയ രൂപത്തിലായതെന്നാണ് നിഗമനം.
ചാലിയാർ പുഴയോട് ചേർന്ന വനമേഖലയിൽ നിലവിൽ തിരച്ചിൽ തുടരുകയാണ്. വനം വകുപ്പും സംയുക്ത സംഘവും തെരച്ചിലിൽ പങ്കാളികളാവുന്നുണ്ട്. പോത്തുകല്ല് പഞ്ചായത്ത് പരിധിയിൽ നിന്ന് ഉരുൾപൊട്ടൽ നടന്ന ചൂരൽമല ഭാഗത്തേക്ക് കഴിയാവുന്ന ദൂരം തിരച്ചിൽ നടത്തുന്നുണ്ട്. മുണ്ടേരി ഫാമിൽ നിന്നും നിശ്ചിത ടീമുകളായി ഇരുട്ടുകുത്തി കടവ് മുതൽ മുകളിലേക്കാണ് തിരച്ചിൽ നടത്തിയത്. ചാലിയാറിന്റെ മറ്റു ഭാഗങ്ങളിൽ സന്നദ്ധ പ്രവർത്തകരും തിരച്ചിൽ തുടരുകയാണ്.
ഇത്രയേറെ മൃതദേഹങ്ങൾ ഒഴുകിയ ഒരു പുഴ കേരളത്തിൽ ഉണ്ടാവുകയില്ല എന്ന് തന്നെ പറയേണ്ടി വരും. വയനാട്ടിൽ നിന്നാണു പുഴയുടെ ഉത്ഭവമെങ്കിലും ചാലിയാറാകുന്നതു മലയടിവാരത്തു മലപ്പുറം ജില്ലയിലെത്തുമ്പോളാണ്. ചാലിയാർ ഉത്ഭവിക്കുന്ന പുഞ്ചിരിമട്ടത്താണ് ഉരുൾ പൊട്ടിയത്.