യു എസ് മാധ്യമത്തിനെതിരെ പൈലറ്റുമാർ
ന്യൂഡൽഹി: അഹമ്മദാബാദ് വിമാനാപകടത്തിന് പിന്നിൽ ക്യാപ്റ്റന്റെ പിഴവാണെന്ന് റിപ്പോർട്ട് ചെയ്ത അമേരിക്കൻ മാധ്യമത്തിനെതിരെ നിയമനടപടിക്കൊരുങ്ങി പൈലറ്റുമാരുടെ സംഘടന. യുഎസ് മാധ്യമമായ ‘വാൾ സ്ട്രീറ്റ് ജേണലി’നും വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനുമെതിരെയാണ് ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്സ് (എഫ്‌ഐപി) സംഘടന നിയമ നടപടിക്കൊരുങ്ങുന്നത്. എയർ ഇന്ത്യ അപകടത്തിന് കാരണം പൈലറ്റിന്റെ പിഴവോ കോക്ക്പിറ്റ് ആശയക്കുഴപ്പമോ ആണെന്ന് സൂചിപ്പിക്കുന്ന റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചതിനെതിരെയാണ് നടപടി.
ഈ റിപ്പോർട്ടുകളിൽ പൈലറ്റിന്റെ പിഴവാണ് അപകടത്തിന് കാരണമെന്ന് തെളിയിക്കുന്ന തെളിവുകളൊന്നുമില്ലെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്സ് ചൂണ്ടിക്കാട്ടി. ഈ മാധ്യമ സ്ഥാപനങ്ങൾ ഔദ്യോഗികമായി മാപ്പുപറയണമെന്നും ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്സ് ആവശ്യപ്പെട്ടു. പ്രത്യേകിച്ചും സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ ഇത്തരം നടപടികൾ നിരുത്തരവാദപരമാണെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്സ് പ്രസ്താവനയിൽ പറയുന്നു.
ഇത്തരം അനുമാനങ്ങൾ അടങ്ങിയ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നത് നിരുത്തരവാദപരമാണെന്നും സ്വയം പ്രതിരോധിക്കാൻ കഴിയാത്ത, മരിച്ച പൈലറ്റുമാരുടെ പ്രശസ്തിക്ക് ഗുരുതരവും പരിഹരിക്കാനാകാത്തതുമായ ദോഷമാണ് വരുത്തിയിരിക്കുന്നതെന്നും ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്സ് ആരോപിച്ചു. ഇങ്ങനെ ചെയ്തതിലൂടെ റോയിറ്റേഴ്‌സ് പൈലറ്റുമാരുടെ കുടുംബത്തിന് അനാവശ്യ ദുരിതം വരുത്തിവെച്ചു. വലിയ ഉത്തരവാദിത്വം പേരുന്നവരും സമ്മർദ്ദമനുഭവിക്കുന്നവരുമായി പൈലറ്റുമാരുടെ മനോവീര്യത്തെ ഇത് ബാധിച്ചുവെന്നും അവർ പറഞ്ഞു.
അതേസമയം, നേരത്തേ ദി വാൾ സ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ടിനെ വിമർശിച്ച് ഇന്ത്യയിലെ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയും (എഎഐബി) രംഗത്തെത്തിയിരുന്നു. അപകടത്തേപറ്റി എഎഐബി പുറത്തുവിട്ട പ്രാഥമിക റിപ്പോർട്ടിലുള്ളത് അപകടത്തെക്കുറിച്ചുള്ള പ്രാഥമിക കണ്ടെത്തലുകളാണെന്നും ദുരന്തത്തെക്കുറിച്ചുള്ള അന്വേഷണം ഇപ്പോഴും പൂർത്തിയായിട്ടില്ലെന്നും എഎഐബി പ്രസ്താവനയിൽ പറഞ്ഞു. അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട വിമാനത്തിന്റെ ഫ്യുവൽസ്വിച്ച് ഓഫ് ചെയ്യപ്പെട്ടതാണെന്നും അത് ചെയ്തത് ക്യാപ്റ്റനാണെന്നുമായിരുന്നു യുഎസ് മാധ്യമം ‘വാൾസ്ട്രീറ്റ് ജേണൽ’ കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോർട്ട്.
പൈലറ്റുമാർ തമ്മിലുള്ള സംഭാഷണം പുറത്ത്
അഹമ്മദാബാദിൽ നടന്ന ദാരുണമായ വിമാന അപകടത്തെക്കുറിച്ചുള്ള അന്വേഷണം പുതിയ വെളിപ്പെടുത്തലുകളിലേക്കെത്തുന്നു. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (AAIB) നടത്തിയ പ്രാഥമിക പരിശോധനയിൽ, അപകടത്തിന് തൊട്ടുമുൻപായി കോക്പിറ്റ് വോയിസ് റെക്കോർഡറിൽ (CVR) പൈലറ്റുമാർ തമ്മിൽ നടന്ന സംഭാഷണം പുറത്തുവന്നിട്ടുണ്ട്.
ദുരന്തത്തിന് പിന്നിലെ പ്രധാന കാരണം
ബോയിംഗ് 787 വിമാനത്തിൽ പൈലറ്റ്-ഇൻ-കമാൻഡ് സുമീത് സബർവാളും സഹപൈലറ്റ് ക്ലൈവ് കുന്ദറും തമ്മിലാണ് ഈ സംഭാഷണം നടന്നത്. “ഇതാരാണ് സ്വിച്ചുകൾ ഓഫ് ചെയ്തത്?” എന്ന ചോദ്യം ഒരാൾ ഉന്നയിക്കുന്നതും, “താനല്ല” എന്ന മറുപടി മറ്റേ പൈലറ്റിൽ നിന്നുമാണ് വരുന്നതും റെക്കോർഡിൽ കാണാം. എന്നാൽ ആരാണ് ചോദിച്ചതെന്നും മറുപടി നൽകിയതെന്നും ഇതുവരെ വ്യക്തമായിട്ടില്ല.
പ്രാഥമിക അന്വേഷണ റിപ്പോർട്ട് അനുസരിച്ച്, വിമാനത്തിന്റെ എഞ്ചിനുകളിലേക്ക് ഇന്ധനം എത്തിക്കുന്ന സ്വിച്ചുകൾ ഓഫ് ചെയ്തതാണ് അപകടത്തിന് പ്രധാന കാരണം. യാന്ത്രികമായി ആ സ്വിച്ചുകൾ ഓഫാകാനുള്ള സാധ്യത ഇല്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു.
വിമാനത്തിന്റെ സ്ഥിതിഗതികൾ (പൈലറ്റുമാർ തമ്മിലുള്ള സംഭാഷണം പുറത്ത്)
സബർവാൾക്ക് 8600 മണിക്കൂർ പറന്ന അനുഭവം ഉണ്ടായിരുന്നുവെങ്കിലും, കുന്ദറിന്റെ ഫ്ലൈയിംഗ് പരിചയം 1100 മണിക്കൂറായിരുന്നു. അപകടസമയത്ത് കുന്ദറാണ് വിമാനം നിയന്ത്രിച്ചിരുന്നത്.
വിമാനത്തിന്റെ സർവീസ് ആരംഭിക്കുന്നതിന് മുമ്പ് പൈലറ്റുമാർക്ക് മതിയായ വിശ്രമവും ശാരീരികമായി അർഹമായ ആരോഗ്യമുമുണ്ടായിരുന്നുവെന്നും, വിമാനത്തിൽ ആവശ്യത്തിന് ഇന്ധനവും ബാഗേജും മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
English Summary:
The Federation of Indian Pilots (FIP) is preparing to take legal action against U.S. media outlet The Wall Street Journal and news agency Reuters over their reports blaming the pilot’s error for the Ahmedabad plane crash. The pilot’s union has criticized the publications for what they describe as irresponsible and unverified reporting.