ഹൂത്തി ആക്രമണത്തിൽ റൂബിമാർ എന്ന ബ്രിട്ടീഷ് കപ്പൽ തകർന്നത് വൻ തോതിൽ പാരിസ്ഥിതികാഘാതം സൃഷ്ടിക്കുമെന്ന മുന്നറിയിപ്പുമായി യു.എസ്. കപ്പലിൽ സംഭരിച്ചിരുന്ന പതിനായിരക്കണക്കിന് ടൺ വളവും ഇന്ധനങ്ങളും കടലിലേയ്ക്ക് ഒഴുകും. ഇന്ധനങ്ങൾ പുറത്തേക്കൊഴുകി 18 മൈൽ ദുരം വരെ എണ്ണപ്പാളി ഉണ്ടാകാൻ ആക്രമണം കാരണമാകുമെന്നും യു.എസ്. സൈന്യത്തെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഗസയിലെ ഇസ്രയേൽ ആക്രമണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇറാന്റെ പിന്തുണയുള്ള ഹൂത്തി വിമതർ ചെങ്കടലിലൂടെ പോകുന്ന യു.എസ്. , ഇസ്രയേൽ ,പാശ്ചാത്യ ബന്ധമുള്ള കപ്പലുകൾക്കെതിരെ ആക്രമണം നടത്തുന്നത്. ഒട്ടേറെ കപ്പലുകൾ ആക്രമിച്ച ഹൂത്തികൾ ഇസ്രയേൽ ബന്ധമുള്ള ഒരു കപ്പൽ പിടിച്ചെടുക്കുകയും ചെയ്തു. അമേരിക്കയും ബ്രിട്ടണും തുടർച്ചയായി ഹൂത്തി കേന്ദ്രങ്ങൾക്കെതിരെ ആക്രമണം നടത്തിയെങ്കിലും ഹൂത്തി ആക്രമണം അവസാനിപ്പിക്കാനായില്ല.









