തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
ഇതിന്റെ ഭാഗമായി എട്ട് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് മഴമുന്നറിയിപ്പ് ഉള്ളത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കുമെന്ന് മുന്നറിയിപ്പിൽ പറയുന്നു.
സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നും ഈ മേഖലകളില്‍ ആകാശം പൊതുവേ മേഘാവൃതമായിരിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു.
ഉച്ചയ്ക്ക് ശേഷം ഒന്നോ രണ്ടോ തവണ ഇടിമിന്നലോട് കൂടിയ മിതമായതോ ശക്തമായതോ (മണിക്കൂറില്‍ 1 മുതല്‍ 3 സെ.മീ വരെ) ആയ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനം.
നവംബർ 27 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇത്തരത്തിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.