കാഞ്ഞങ്ങാട്: പൊലീസ് വേഷത്തിലെത്തി കാർ തടഞ്ഞ് വ്യാപാരിയുടെ ഒന്നേമുക്കാൽ ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മൂന്നംഗസംഘത്തെ പൊലീസ് പിടികൂടി.
നോർത്ത് കോട്ടച്ചേരിയിലെ വ്യാപാരി പള്ളിക്കര കല്ലിങ്കാലിലെ സന ഷംസുദ്ദീനെ കാർ തടഞ്ഞ് പണം തട്ടിയ സംഘമാണ് ഇപ്പോൾ പിടിയിലായത്. ഒരുമാസം മുമ്പാണ് സംഭവം നടന്നത്.
കല്ലിങ്കാലിലെ വീട്ടിൽനിന്ന് രാവിലെ കടയിലേക്ക് പോകുമ്പോഴാണ് ചിത്താരിക്ക് സമീപം കാർ തടഞ്ഞുനിർത്തിയ പൊലീസ് വേഷത്തിലെത്തിയ രണ്ടുപേർ വ്യാപാരിയുടെ കാറിൽ കയറുകയായിരുന്നു.
ചിത്താരി പാലത്തിനടുത്തെത്തിച്ചശേഷം കാറിന്റെ ഡിക്കിയിലും ബാഗിലും സൂക്ഷിച്ചിരുന്ന പണം തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നു. ബേക്കൽ പൊലീസ് കേസെടുത്ത് പ്രത്യേക സംഘം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവർ കുടുങ്ങിയത്.
മീനാപ്പീസിലെ മുഹമ്മദ് ഷിനാൻ (19), അമ്പലത്തറ ഏഴാംമൈൽ സ്വദേശികളായ കെ. തൗസീഫ് (30), തായലടുക്കം റംഷീദ് (31) എന്നിവരാണ് ഇപ്പോൾ പോലീസിന്റെ പിടിയിലായത്.