തൃശൂരിൽ ആംബുലൻസിന്റെ വഴിമുടക്കി കാർ ഡ്രൈവർക്ക് വൻതുക പിഴയിട്ട് മോട്ടോർ വാഹനവകുപ്പ്. ഡ്രൈവറുടെ ലൈസൻസും റദ്ദാക്കിയിട്ടുണ്ട്.
ഒരു തവണ പോലും ആംബുലൻസിന് കയറി പോകാൻ വഴി നൽകാതെ പൂർണമായും വഴി തടഞ്ഞായിരുന്നു ഇയാളുടെ ഡ്രൈവിംഗ്.
മറികടന്ന് പോകാനുള്ള ആംബുലൻസിന്റെ എല്ലാ ശ്രമവും കാർ ഡ്രൈവർ തടയുന്ന വീഡിയോ പുറത്തു വന്നതോടെയാണ് നടപടി.
ആംബുലൻസിൻസിലുണ്ടായിരുന്നവർ ഫോണിൽ പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
രണ്ടു മിനിട്ട് ദൈർഘ്യമുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇതിന് പിന്നാലെ മോട്ടോർ വാഹനവകുപ്പ് കാറുടമയുടെ വീട്ടിലെത്തി പിഴ നൽകുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ലക്ഷത്തിനടുത്താണ് പിഴയെന്നാണ് സൂചന.
ഗുരുതരാവസ്ഥയിലായിരുന്ന രോഗിയുമായി വന്ന ആംബുലൻസിലുണ്ടായിരുന്നവരാണ് വീഡിയോ പകർത്തിയത്. രണ്ടുവരി റോഡിലായിരുന്നു കാറുകാരന്റെ അഭ്യാസം. തുടർച്ചയായി സൈറനും ഹോണും മുഴക്കിയാണ് ആംബുലൻസ് വന്നത്. എന്നിട്ടും ഇയാളുടെ ദാർഷ്ട്യം തുടരുകയായിരുന്നു.
വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ നെറ്റിസൺസ് കാർ ഡ്രൈവർക്കെതിരെ നടപടി ആവശ്യപ്പെട്ടു. തുടർന്നാണ് പിഴചുമത്തിയത് കാറിന് പൊല്യൂഷൻ സർട്ടിഫിക്കറ്റും ഉണ്ടായിരുന്നില്ല. ചിലർ വീഡിയോ കേന്ദ്രമന്ത്രി നിതിൻ ഗഡ്ക്കരിയെയും ടാഗ് ചെയ്തിട്ടുണ്ട്.”