കോഴിക്കോട് പേരാമ്പ്ര നൊച്ചാടിനടുത്ത് തോട്ടിൽ കണ്ടെത്തിയ മൃതദേഹം വാളൂർ സ്വദേശി അനു (26) എന്ന യുവതിയുടേതാണ് എന്ന് സ്ഥിരീകരിച്ചു. ഇന്നുരാവിലെ പതിനൊന്ന് മണിക്കാണ് മൃതദേഹം പുള്ളിയോട്ട് മുക്ക് റോഡ് അല്ലിയോറത്തോട്ടിൽ കണ്ടെത്തിയത്. കമിഴ്‌ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. അനുവിനെ അന്വേഷിച്ചെങ്കിലും കണ്ടെത്താനാകാതെ വന്നതോടെ വൈകിട്ടോടെ ബന്ധുക്കൾ പൊലീസിൽ പരാതിപ്പെട്ടിരുന്നു. ഇന്നലെതന്നെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. തോട്ടിൽ മുട്ടറ്റം വെള്ളമേയുള്ളൂവെന്നും അനുവിനെ കാണാതായെന്ന് അറിഞ്ഞ ശേഷം നാട്ടുകാര്‍ ഇന്നലെ തിരച്ചിൽ നടത്തിയ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയതെന്നതും നാട്ടുകാരുടെ സംശയം വർധിപ്പിക്കുന്നു
ഇന്നലെ രാവിലെ എട്ടരയോടെ വീട്ടിൽ നിന്ന് പോയ അനുവിനെ പിന്നീട് കാണാതാവുകയായിരുന്നു. മൃതദേഹം ലഭിച്ച വിവരമറിഞ്ഞു പേരാമ്പ്ര പൊലീസ് സ്ഥലത്തെത്തിയെങ്കിലും മൃതദേഹം പുറത്തെടുക്കാൻ സാധിച്ചിരുന്നില്ല. ആർ ഡി ഒ എത്തിയതിനുശേഷമാണ് മൃതദേഹം പുറത്തെടുത്തത്. ഇൻക്വസ്റ്റ് നടപടികൾക്കുശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയക്കുമെന്ന് പൊലീസ് പറഞ്ഞു.
വാളൂര്‍ സ്വദേശിയായ അനുവിന്റെ വിവാഹം ഒരു വര്‍ഷം മുൻപായിരുന്നു. കഴിഞ്ഞ മൂന്ന് മാസമായി ഭര്‍ത്താവ് കൊവിഡാനന്തര രോഗങ്ങളെ തുടര്‍ന്ന് കിടപ്പിലായിരുന്നു. ഭര്‍ത്താവിനെ ശുശ്രൂഷിക്കുന്നതിനിടയിൽ അമ്മയ്ക്ക് സുഖമില്ലാതെ വന്നതോടെ വാളൂരിലെ സ്വന്തം വീട്ടിലേക്ക് കഴിഞ്ഞ ദിവസം അനു എത്തുകയായിരുന്നു. ഇന്നലെ രാവിലെ ഭര്‍ത്താവിനെ ആശുപത്രിയിൽ കാണിക്കേണ്ടതിനാലാണ് വീട്ടിൽ നിന്ന് യുവതി പോയത്. എന്നാൽ ഭര്‍തൃവീട്ടിലെത്തിയില്ല.അനുവിന് എന്തോ അപായം സംഭവിച്ചുവെന്ന് ഭയന്ന വീട്ടുകാര്‍ വിവരം നാട്ടുകാരെ അറിയിച്ചു. ഇന്നലെ തന്നെ പൊലീസിൽ പരാതിയും നൽകി. ഇന്നലെ നാട്ടുകാര്‍ പ്രദേശമാകെ അരിച്ചുപെറുക്കി പരിശോധിച്ചു. ഇന്ന് മൃതദേഹം കണ്ടെത്തിയ സ്ഥലത്തടക്കം ഇന്നലെ നാട്ടുകാര്‍ തിരച്ചിൽ നടത്തിയിരുന്നുവെന്നും യാതൊന്നും കണ്ടെത്തിയില്ലെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. ഇന്ന് രാവിലെയാണ് ഇവിടെ പുല്ലരിയാൻ വന്ന നാട്ടുകാരൻ തോട്ടിൽ മൃതദേഹം കണ്ടെത്തിയത്. ഇരു വീടുകളിലും യാതൊരു പ്രശ്നവും ഇല്ലെന്നും അനു സന്തോഷവതിയായിരുന്നുവെന്നുമാണ് ബന്ധുക്കൾ പറയുന്നത്.