കോഴിക്കോട് മെഡിക്കൽ കോളേജിൽ കൈയ്ക്ക് ഒടിവുള്ള രോഗിക്ക് കമ്പി മാറിയിട്ടെന്ന ആരോപണം തികച്ചും അടിസ്ഥാന രഹിതമാണെന്ന് ഓർത്തോപീഡിക്സ് വിഭാഗം മേധാവി ഡോ. ജേക്കബ് മാത്യു. സാധാരണ ഇത്തരം ഒടിവുമായെത്തുന്ന രോഗികൾക്ക് നൽകുന്ന സ്റ്റാൻഡേർഡ് ചികിത്സയും സർജറിയുമാണ് ഇവിടെയും നടത്തിയിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
”കയ്യിലെ ഒടിവിന് താഴെയുള്ള ജോയിൻ്റ് ഇളകിയതിനാൽ അത് ഉറപ്പിക്കാനായി മറ്റൊരു കമ്പി കൂടി ഇട്ടു. തൊലിപ്പുറത്ത് നിന്നും എല്ലിനോട് ചേർന്നാണ് താൽക്കാലികമായി 4 ആഴ്ചയ്ക്ക് വേണ്ടി ഈ കമ്പി ഇട്ടത്. ഈ കമ്പി പിന്നീട് മാറ്റുന്നതാണ്. ആദ്യമിട്ട പ്ലേറ്റ് അവിടെ തുടരും. അല്ലാതെ കമ്പി മാറിയതല്ല. മറ്റു രോഗികൾക്കും സാധാരണ എങ്ങനെയാണോ ചെയ്യുന്നത് അതാണ് ഈ രോഗിയ്ക്കും ചെയ്തത്. ശസ്ത്രക്രിയ വിജയമാണ്. ഈ മാസം തന്നെ ഇതേ മെഡിക്കൽ കോളേജിൽ ഇത്തരത്തിലുള്ള ഒടിവിനുള്ള ശസ്ത്രക്രിയകൾ നടത്തിയ മറ്റു രോഗികളുടെ എക്സ്റേകളും ഇതിന് തെളിവാണ്”. വസ്തുതകൾ അറിയാതെ മെഡിക്കൽ കോളേജിനെ മോശമായി ചിത്രീകരിക്കുന്ന തെറ്റിദ്ധാരണ പരത്തുന്ന ആരോപണങ്ങൾ നടത്തരുതെന്നും ഡോക്ടർ അഭ്യർത്ഥിച്ചു.
കോതിപ്പാലം സ്വദേശി അജിത്തിന്റെ ശസ്ത്രക്രിയ മാറിചെയ്തുവെന്നായിരുന്നു പരാതി. കൈക്ക് പൊട്ടലിനുള്ള ശസ്ത്രക്രിയക്കിടെ കമ്പി മാറിയിട്ടുവെന്നാണ് ആരോപണം. ബൈക്ക് അപകടത്തെത്തുടര്‍ന്ന് അജിത്തിന്റെ കൈക്ക് പൊട്ടലുണ്ടായിരുന്നു. തുടര്‍ന്നായിരുന്നു ശസ്ത്രക്രിയ നടത്തിയത്. സംഭവത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്തിട്ടുണ്ട്.
Read More: സൂക്ഷിക്കണം; ഈ പ്രദേശങ്ങൾ ഉരുൾപൊട്ടൽ ഭീഷണിയിലാണ്; 5607 ചതുരശ്ര കിലോമീറ്ററാണ് അപകടകരമായ മേഖല
Read More: പോലീസിന് വീണ്ടും നാണക്കേട്; പോക്സോ കേസ് പ്രതി കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയി