കാക്കനാട്: വിദ്യാർഥികളെ ഭീഷണിപ്പെടുത്തി സ്‌കൂട്ടറിൽ കയറ്റി കൊണ്ടുപോയ ശേഷം മോചനദ്രവ്യം ആവശ്യപ്പെട്ട കേസിൽ പ്രതി അറസ്റ്റിൽ. തൃശ്ശൂർ ഇരിങ്ങാലക്കുട അരിപുരം അമ്പലത്തിന് സമീപം പുത്തുപുര വീട്ടിൽ അക്ഷയ് ഷാജി(22)യെ ഇൻഫോപാർക്ക് പോലീസ് അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് വിൽപ്പന ഉൾപ്പെടെ വിവിധ കേസുകളിൽ അക്ഷയ പ്രതിയാണ്.
വിദ്യാർഥികളിൽ ഒരാളുമായി ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രതി ആദ്യം മയക്കുമരുന്ന് ഇടപാടുകളിലേക്ക് വിദ്യാർഥികളെ ആകർഷിക്കാൻ ശ്രമിച്ചു. അവർ ഒഴിഞ്ഞു മാറിയപ്പോൾ താൻ പ്രമുഖ ഗുണ്ടാസംഘത്തിലെ അംഗമാണെന്നും എന്ത് വിഷയം ഉണ്ടെങ്കിലും സഹായിക്കാമെന്നും പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം സ്വകാര്യ കോളജിലെ വിദ്യാർഥികൾ തമ്മിലുണ്ടായ തർക്കം അടിയിൽ കലാശിച്ചിരുന്നു.
ഒരു ചേരിയിൽ ഉണ്ടായിരുന്ന വിദ്യാർഥികൾക്കും കൂട്ടുകാർക്കും അടികിട്ടിയ കാര്യം ഇൻസ്റ്റഗ്രാം സുഹൃത്തായ പ്രതിയുമായി പങ്കുവെച്ചു. ഒന്നാംപ്രതി അക്ഷയ് മൂന്ന് സുഹൃത്തുക്കളെയും കൂട്ടി വ്യാഴാഴ്ച്ച രാത്രി 7.30 ന് നിലംപതിഞ്ഞിമുകളിൽ എത്തി.
അവരെ ഉൾപ്പെടുത്തിയാൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്നു മനസിലായ വിദ്യാർഥികൾ പ്രതികളെ അനുനയിപ്പിച്ച് തിരിച്ചുവിടാൻ ശ്രമിച്ചു. എന്നാൽ, പരാതിക്കാരനായ വിദ്യാർഥിയേയും കൂട്ടുകാരനെയും അക്ഷയ് ഒരു സ്‌കൂട്ടറിൽ കയറ്റി തട്ടിക്കൊണ്ടുപോയി. ഉടനെ 15,000 രൂപ കൊടുത്തില്ലെങ്കിൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി.
കളമശ്ശേരി ഭാഗത്തേക്ക് സ്‌കൂട്ടർ ഓടിച്ചു പോയപ്പോൾ സുഹൃത്തുക്കളെ വിളിച്ച് പണം അറേഞ്ച് ചെയ്യാൻ വിദ്യാർഥികൾ ശ്രമിച്ചു. സുഹൃത്തുക്കൾ അറിയിച്ചതിനെത്തുടർന്നാണ് ഇൻഫോപാർക്ക് പോലീസ് സ്‌റ്റേഷൻ ഇൻസ്‌പെക്ടർ ജെ.എസ്. സജീവ് കുമാറിന്റെ നേതൃത്വത്തിൽ സ്‌റ്റേഷൻ സബ് ഇൻസ്‌പെക്ടർ എൻ.ഐ.റഫീഖ്, ഓഫീസർമാരയ സെൽവരാജ്, കുഞ്ഞുമോൻ, ബിബിൻ, ജോബി എന്നിവരടങ്ങുന്ന പോലീസ് സംഘം അന്വേഷണം ആരംഭിച്ചത്.
പണം തരപ്പെടുത്താൻ കാലതാമസം വരുമെന്നും സുഹൃത്തിന്റെ സ്വർണമാല തരാമെന്നും വിദ്യാർഥികളെ കൊണ്ട് പറയിപ്പിച്ച് പ്രതിയെ കാക്കനാട് ഭാഗത്തേക്ക് തിരികെ എത്തിച്ചു. ഒരു ഓട്ടോറിക്ഷയിൽ പോലീസ് പിന്തുടരുന്നത് കണ്ട പ്രതി കാക്കനാട് വ്യവസായ മേഖലയ്ക്ക് സമീപത്ത് സ്‌കൂട്ടറും വിദ്യാർഥികളെയും ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു.
പ്രതിയെ ചോദ്യംചെയ്തപ്പോൾ കൂട്ടുപ്രതി രിസാലിനെക്കുറിഞ്ഞു വിവരംലഭിച്ചു. മരടിൽ അയാൾ താമസിക്കുന്ന വീട്ടിലെത്തി. പോലീസിനെ കണ്ട ഉടനെ രിസാൽ ബ്ലേഡ് കൊണ്ട് കഴുത്തിലും ശരീരത്തിൽ പലയിടത്തും സ്വയം കീറിമുറിച്ചുകൊണ്ട് പോലീസിന് നേരെ പാഞ്ഞടുത്തു. മണിക്കൂറുകളോളം ശ്രമിച്ച് ഇയാളെ കീഴ്‌പ്പെടുത്തി ആദ്യം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലും പിന്നീട് കളമശ്ശേരി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.
The accused was arrested in the case of threatening the students and taking them on a scooter and demanding ransom