മേപ്പാടി: 22ാം വാർഡ് കല്ലുമല റാട്ടക്കൊല്ലിയിൽ സ്വകാര്യ എസ്റ്റേറ്റ് ഉടമസ്ഥതയിലുള്ള അണക്കെട്ടിന്റെ നിർമാണം അശാസ്ത്രീയവും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയുമാണെന്ന് പ്രാഥമിക പരിശോധനാ റിപ്പോർട്ട്.The 80 meter long and 8.5 meter high dam was constructed by a private person without any permission.
ജില്ല ദുരന്തനിവാരണ അതോറിറ്റി നിയോഗിച്ച കാരാപ്പുഴ ഇറിഗേഷൻ പ്രോജക്ട് എക്സിക്യൂട്ടിവ് എൻജിനീയർ സമർപ്പിച്ച റിപ്പോർട്ടിലാണ് കണ്ടെത്തൽ. അണക്കെട്ട് നൂറിൽപരം കുടുംബങ്ങൾക്ക് അപകട ഭീഷണി ഉയർത്തുന്നുവെന്ന പരാതി നിലനിൽക്കുന്നുണ്ട്.
കൃഷി ആവശ്യത്തിനുള്ള തടയണ നിർമാണത്തിന്റെ മറവിൽ 80 മീറ്റർ നീളവും 8.5 മീറ്റർ ഉയരവുമുള്ള അണക്കെട്ട് നിർമിച്ചത് 2009ലാണ്.
സർക്കാർ അംഗീകാരമോ സാങ്കേതിക വിദഗ്ധരുടെ മേൽനോട്ടമോ നിർമാണ ഘട്ടത്തിൽ ഉണ്ടായിരുന്നില്ല എന്നും റിപ്പോർട്ടിൽ പറയുന്നു. തോടുകളും അരുവികളും തടഞ്ഞു നിർത്തി മണിക്കുന്ന് മലയുടെ ചെരിവിലാണ് അണക്കെട്ട്.
സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള അണക്കെട്ടിന്റെ നിർമാണം താഴെ ഭാഗത്തുള്ള നൂറിൽപരം കുടംബങ്ങളുടെ ഉറക്കം കെടുത്തുന്നുവെന്ന പരാതി ഉയരാൻ തുടങ്ങിയത് 2019ലെ പുത്തുമല ഉരുൾപൊട്ടൽ ദുരന്ത കാലത്താണ്.
മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തമുണ്ടായപ്പോൾ വീണ്ടും ജനങ്ങളുടെ ഭീതി ഇരട്ടിച്ചു. ഒന്നര ഏക്ര വിസ്തൃതിയിലുള്ള റിസർവോയറിൽ 75 ലക്ഷം ലിറ്റർ വെള്ളം സംഭരിക്കാൻ ശേഷിയുള്ള അണക്കെട്ടിന്റെ ഉറപ്പിനെക്കുറിച്ച് ഇപ്പോൾ സംശയങ്ങൾ ഉയർന്നിരിക്കുകയാണ്.
അനുമതിയില്ലാതെ ഇത്ര വലിയൊരു അണക്കെട്ട് നിർമിക്കാൻ സ്വകാര്യ എസ്റ്റേറ്റിന് സാധിച്ചതെങ്ങനെയെന്നത് ബന്ധപ്പെട്ട വകുപ്പുകൾ പരിശോധിക്കണമെന്നും റിപ്പോർട്ട് ശിപാർശ ചെയ്യുന്നു.