ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ഏർപ്പെടുത്തിയ ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും. 52 ദിവസം നീണ്ടുനിന്ന ട്രോളിങ് നിരോധനമാണ് വ്യാഴാഴ്ച അര്‍ധരാത്രിയോടെ അവസാനിക്കുക.
ട്രോളിങ് നിരോധനം അവസാനിക്കുന്നതോടെ മത്സ്യബന്ധന ഹാര്‍ബറുകളില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു. മത്സ്യബന്ധനത്തിനായി വെള്ളിയാഴ്ച പുലര്‍ച്ചെ ബോട്ടുകള്‍ കടലില്‍ ഇറങ്ങും.
യന്ത്രവല്‍കൃത ബോട്ടുകളും എന്‍ജിന്‍ ഘടിപ്പിച്ച യാനങ്ങളുമടക്കം 4200 ബോട്ടുകളാണ് കേരള തീരത്തുനിന്ന് മത്സ്യബന്ധനത്തിനായി തയ്യാറെടുക്കുന്നത്.
അതേസമയം ട്രോളിങ് നിരോധനം തുടങ്ങിയ സമയത്ത് നാട്ടിലേക്ക് മടങ്ങിയ ഇതരസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ തിരിച്ചെത്തിത്തുടങ്ങി.
തിങ്കളാഴ്ച മുതല്‍ തന്നെ ബോട്ടുകള്‍ ഇന്ധനങ്ങളും ഐസും കുടിവെള്ളവും പാചക സാമഗ്രികളുമെല്ലാം നിറച്ചും വല കയറ്റിയും ഏറെക്കുറെ പൂർത്തിയായി. മീനുകളുടെ പ്രജനനകാലം കണക്കിലെടുത്താണ് എല്ലാ മണ്‍സൂണ്‍ കാലത്തും കേരളതീരത്ത് ട്രോളിങ് നിരോധനം ഏർപ്പെടുത്തുന്നത്.
ജൂൺ ഒമ്പതിനാണ് സംസ്ഥാനത്ത് ട്രോളിങ് നിരോധനം നിലവിൽ വന്നത്.
എറണാകുളം ജില്ലയിലെ 600 ബോട്ടുകളും ഇതരസംസ്ഥാനത്തു നിന്നുള്ള ലൈസൻസ് നേടിയ 150 ബോട്ടുകളുമടക്കം 750 ബോട്ടുകളാണ് മുനമ്പം, വൈപ്പിൻ കാളമുക്ക്, തോപ്പുപടി എന്നീ ഹാർബറുകളിൽ നിന്ന് കടലിൽ പോകാൻ ഒരുങ്ങിയിരിക്കുന്നത്.
വല വിരിച്ച ശേഷം തിരികെ വലിച്ചുകയറ്റുമ്പോൾ കെമിക്കൽ ബാരലുകൾ; എന്തു ചെയ്യുമെന്നറിയാതെ മത്സ്യ തൊഴിലാളികൾ
തിരുവനന്തപുരം: വിഴിഞ്ഞത്തേയ്ക്ക് വീണ്ടും കെമിക്കലുകൾ അടങ്ങിയ ബാരലുകൾ ഒഴുകിയെത്തുന്നു. കൊച്ചിയിൽ മുങ്ങിയ കപ്പലിൽ നിന്നുള്ള ബാരലുകളാണ് കടലിൽ ഒഴുകി നടക്കുന്നത്.
ഇത് മത്സ്യ ബന്ധനത്തിന് തടസ്സമാകുന്നെന്ന് മത്സ്യ തൊഴിലാളികൾ. കഴിഞ്ഞ ദിവസം രാത്രി 11 എണ്ണം തീരത്തെത്തിയിരുന്നു. കോവളം ഭാഗത്തു രണ്ടെണ്ണവും ആഴിമലഭാഗത്ത് ഒരെണ്ണവും വിഴിഞ്ഞത്ത് അഞ്ചെണ്ണവും ലഭിച്ചിട്ടുണ്ട്.
19 ബാരലുകളാണ് ആകെ ലഭിച്ചത്. കണ്ടയ്നറുകൾ നീക്കം ചെയ്യാൻ ഏൽപിച്ചിരിക്കുന്ന കമ്പനിയുടെ നേതൃത്വത്തിൽ ഇവ ശേഖരിച്ച് കോസ്റ്റൽ പോലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരിക്കുകയാണ്.
കടലിൽ ഒഴുകിനടക്കുന്ന കെമിക്കലുകൾ അടങ്ങിയ ഭാരം കൂടിയ ബാരലുകൾ മത്സ്യബന്ധനത്തെ സാരമില്ല ബാധിക്കുന്നതായി പരാതി ഉയർന്നിട്ടുണ്ട്.
മീൻപിടിക്കാനായി വല വിരിച്ച ശേഷം തിരികെ വലിച്ചുകയറ്റുമ്പോഴാണ് ബാരലുകൾ കുടുങ്ങിയത് കാണുന്നതെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു.
വലകൾ പൊട്ടി നഷ്ടം ഉണ്ടായതായി കാണിച്ച് രണ്ടു തൊഴിലാളികൾ കോസ്റ്റൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
പുറമെ കാണാൻ പറ്റാത്തതിനാലും രാത്രി മത്സ്യബന്ധനത്തിനു പോകുന്നതിനാലും എഞ്ചിനുകളിലോ വള്ളത്തിലോ തട്ടി ഇവ പൊട്ടുമോയെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
വ്യാഴാഴ്ച രാത്രിയാണ് മുങ്ങിയ കപ്പലിലെ കണ്ടയ്നറിൽ നിന്നും വീണ കെമിക്കലുകൾ അടങ്ങിയ 11 ബാരലുകൾ വിഴിഞ്ഞം മത്സ്യബന്ധന തീരത്ത് എത്തിച്ചത്.
പാമോകോൾ പിഡിഎ 1300 എന്നും മലേഷ്യ നിർമിതമെന്നും ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട് . 210 കിലോഗ്രമാണ് ഓരോ ബാരലിനുമുള്ളത്. വിഴിഞ്ഞത്തെ രണ്ട് വള്ളങ്ങളിലായി പോയ മത്സ്യ തൊഴിലാളികൾക്കാണ് ഇവ ലഭിച്ചത്.
നീല നിറത്തിലുള്ള പ്ലാസ്റ്റിക് ബാരലുകളാണിവ. സോപ്പ്, സൗന്ദര്യ വർധക വസ്തുക്കൾ, മറ്റ് ക്ലീനിംഗ് വസ്തുക്കൾ എന്നിവ നിർമ്മിക്കുന്ന ലിക്വിഡ് ആണ് ഇതെന്ന് പൊലീസ് പറഞ്ഞു.
തീരത്തു നിന്നും 12 കിലോമീറ്റർ ഉള്ളിലാണ് ബാരലുകൾ കണ്ടെത്തിയത്. മത്സ്യബന്ധനത്തിനു പോയ വള്ളത്തിലും എഞ്ചിനിലും തട്ടിയതോടെയാണ് പിന്നാലെ വരുന്ന വള്ളങ്ങൾക്കും അപകടം ഉണ്ടാകാൻ സാധ്യത കണ്ട് മത്സ്യ തൊഴിലാളികൾ ഇവ കരയിലെത്തിച്ച് അധികൃതരെ വിവരമറിയിക്കുകയായിരുന്നു.
Summary: The 52-day trawling ban imposed in Kerala ends tonight. With the ban lifting at midnight on Thursday, preparations have begun at major fishing harbours across the state.