കൊച്ചി : സംസ്ഥാനത്തെ 1,500 കിലോമീറ്റർ സൗരോർജ വേലി പരിശോധന യജ്ഞം 25 മുതൽ തുടങ്ങും. നിലവിൽ ആകെയുള്ളതിന്റെ പകുതി വൈദ്യുതിവേലിയും പ്രവർത്തന രഹിതമാണെന്നാണു വനംവകുപ്പിന്റെ കണ്ടെത്തൽ. കാട്ടാനകൾ നാട്ടിലിറങ്ങുന്നതിനു പ്രധാനകാരണം 750 കിലോമീറ്റർ വൈദ്യുതി വേലി തകർന്നുകിടക്കുന്നതു കൊണ്ടാണ്. ഇതെല്ലാം 45 ദിവസത്തിനകം അറ്റകുറ്റപ്പണി നടത്തി പൂർവസ്ഥിതിയിലാക്കാനാണ് പദ്ധതി.
മനുഷ്യൻ -വന്യജീവി സംഘർഷം ലഘൂകരിക്കുന്ന പദ്ധതി പത്തുദിവസത്തിനകം പൂർത്തിയാക്കാനാണു വനംവകുപ്പിന്റെ നിർദ്ദേശം. വേനൽക്കാലം വരുന്നതോടെ കാട്ടാനകൾ നാട്ടിലിറങ്ങാനുള്ള സാധ്യത കൂടുതലാണ്. വൈദ്യുതിവേലി പൂർണ്ണമായും പ്രവർത്തന സജ്ജമാകുന്നതിലൂടെ മനുഷ്യൻ- വന്യജീവി സംഘർഷം ഒരു പരിധിവരെ ലഘൂകരിക്കാമെന്നാണു ഉദ്യോഗസ്ഥർ പ്രതീക്ഷിക്കുന്നത്. ഒരു വർഷം നിലനിൽക്കുന്ന രീതിയിലായിരിക്കും പരിപാലനം.
എവിടെയെങ്കിലും വേലി കേടായെന്നു വിവരം ലഭിച്ചാൽ ഉടൻതന്നെ നന്നാക്കാനും നിർദ്ദേശമുണ്ട്. ആന വേലി പൊളിക്കാതിരിക്കാൻ വേണ്ട നടപടികൾ നോക്കും. ബാറ്ററി കേടായതും ആന വലിച്ചുപൊട്ടിച്ചതും മരം മറിച്ചിട്ടു നശിപ്പിച്ചതും ഒക്കെയാണു ഇനി ശരിയാക്കിയ ശേഷം പ്രവർത്തിപ്പിക്കാൻ പോകുന്നത്.
കേരളത്തിൽ വനമേഖലയുമായി അടുത്തുകിടക്കുന്ന സ്ഥലങ്ങളിലെല്ലാം വൈദ്യുത വേലികളുണ്ട്. വന്യമൃഗങ്ങൾ കൃഷി സ്ഥലത്തേക്കു വരാതിരിക്കാനും മനുഷ്യർക്കു സംരക്ഷണമൊരുക്കാനുമാണ് വേലികൾ സ്ഥാപിക്കുന്നത്. വന്യമൃഗങ്ങളും മനുഷ്യരും തമ്മിലുള്ള സംഘർഷം മുറുകി നിൽക്കുന്ന ഇക്കാലത്തു വൈദ്യുത വേലികൾ അത്യാവശ്യ ഘടകമായി മാറുകയാണ്.
സോളാർ ബാറ്ററിയിൽനിന്നു വൈദ്യുതി പ്രവഹിക്കുന്ന തരത്തിലാണു ഇത്തരം വേലികളുടെ പ്രവർത്തനം. ചിന്നക്കനാൽ പോലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സോളാർ ഫെൻസിംഗ് മൂലം കാട്ടാനകൾക്കു റോഡിൽ ഇറങ്ങാൻ സാധിക്കാറില്ല.