ന്യൂഡൽഹി: തുടർച്ചയായ മൂന്നാം തവണയും ഇന്ത്യയുടെ പ്രധാനമന്ത്രിയായി നരേന്ദ്രമോദി തന്നെ എത്തുമെന്ന് ഉറപ്പായി. ഇന്ന് ചേർന്ന് എൻഡിഎ യോഗത്തിലാണ് തീരുമാനം. നരേന്ദ്രമോദിയെ യോഗം നേതാവായി ഏകകണ്ഠമായി നിശ്ചയിക്കുകയായിരുന്നു.
നിതീഷ് കുമാറിന്റെയും ചന്ദ്രബാബു നായിഡുവിന്റെയും പിന്തുണയോടെയാണ് നരേന്ദ്രമോദി സർക്കാർ രൂപീകരിക്കുന്നത്. ഇത് സ്ഥിരീകരിച്ച് ഇരുവരുടെയും പാർട്ടികളായ ജെഡിയുവും ടിഡിപിയും പിന്തുണ കത്ത് നൽകി.
ഇതിനുപുറമേ ശിവസേന അടക്കമുള്ള പാർട്ടികളും പിന്തുണ കത്ത് നൽകിയിട്ടുണ്ട്. എന്തൊക്കെ ഉപാധികളാണ് തങ്ങൾക്കുള്ളതെന്ന കാര്യത്തിൽ ജെ ഡി യുവും ടി ഡി പിയും തീരുമാനം അറിയിച്ചതായാണ് വിവരം.
കേവല ഭൂരിപക്ഷം ഉറപ്പാക്കിയതിന് പിന്നാലെ സർക്കാർ രൂപീകരണത്തിനുള്ള നടപടികൾ എൻ ഡി എ വേഗത്തിലാക്കുകയായിരുന്നു. സർക്കാർ രൂപീകരിക്കാൻ ഇന്ന് തന്നെ അവകാശവാദം ഉന്നയിക്കാനാണ് തീരുമാനം.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ എൻ ഡി എ നേതാക്കൾ ഇന്ന് രാത്രി തന്നെ രാഷ്ട്രപതിയെ കാണുമെന്നാണ് വിവരം. ഘടകകക്ഷികളുടെ പിന്തുണ കത്തടക്കം കൈമാറിക്കൊണ്ട് എത്രയും വേഗം സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കണമെന്നാകും ആവശ്യപ്പെടുക.
അതേസമയം സർക്കാർ രൂപീകരിക്കാനുള്ള ആലോചനയിൽ നിന്നും ഇന്ത്യ മുന്നണി പിൻവാങ്ങിയിട്ടുണ്ട്. നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും എൻ ഡി എ സർക്കാരിനുള്ള കത്ത് നൽകിയ സാഹചര്യത്തിലാണ് തുടർ ചർച്ചകൾക്ക് സാധ്യത മങ്ങിയത്.