യു.എ.ഇ.യിൽ താപനില കുതിച്ചുയരുന്നതിനാൽ ചില പ്രദേശങ്ങളിൽ ഭക്ഷ്യവിഷബാധ വർധിച്ചു. വേനൽക്കാലത്ത് ഭക്ഷണം കൈകാര്യം ചെയ്യുന്നതിൽ കൂടുതൽ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് താമസക്കാർക്ക് മുന്നറിയിപ്പ് നൽകി.
വേനൽക്കാലത്ത് , ഭക്ഷ്യജന്യ രോഗങ്ങളുടെ കാര്യത്തിൽ ഗണ്യമായ വർധനവ് കാണാറുണ്ടന്ന് വിദഗ്ദ്ധർ പ്രതികരിച്ചു. ഭക്ഷണ മലിനീകരണം മൂലമുണ്ടാകുന്ന ഓക്കാനം, ഛർദ്ദി, വയറിളക്കം, വയറുവേദന എന്നിവയുടെ കണക്ക് ഉയർന്നു.
മേയ് മാസത്തിൽ യുഎഇയിൽ താപനില 51.6°C ആയി ഉയർന്നു , ഈ സീസണിൽ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനിലകളിൽ ഒന്നാണിത്, വരും മാസങ്ങളിൽ സാധാരണയായി രാജ്യത്തെ ബാധിക്കുന്ന കടുത്ത വേനൽച്ചൂടിന്റെ സൂചനയാണിത്. ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും ചൂടേറിയ ഏപ്രിലും യുഎഇയിൽ ഉണ്ടായി .
എന്നാൽ ജൂൺ 21 ന് മാത്രമേ വേനൽക്കാലം ആരംഭിക്കൂ . ഉയർന്ന അന്തരീക്ഷ താപനില സാൽമൊണെല്ല, ഇ.കോളി, ലിസ്റ്റീരിയ തുടങ്ങിയ ബാക്ടീരിയകൾ വേഗത്തിൽ പെരുകുന്നതിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുമെന്ന് ആരോഗ്യ പ്രവർത്തകനായ ഡോ. രോഹിത് പറഞ്ഞു,
പ്രത്യേകിച്ച് ഭക്ഷണം ശരിയായി സൂക്ഷിക്കുകയോ കൈകാര്യം ചെയ്യുകയോ ചെയ്യാത്തപ്പോൾ.
“4°C നും 60°C നും ഇടയിലുള്ള താപനില ബാക്ടീരിയകളുടെ വളർച്ചയ്ക്ക് അനുയോജ്യമാണ്. ഈ താപനിലയിൽ സൂക്ഷിക്കുന്ന ഭക്ഷണം കഴിച്ചാൽ, ഭക്ഷ്യവിഷബാധയ്ക്കുള്ള സാധ്യത കൂടുതലാണ്.
പാചകം ചെയ്യുന്നതിനു മുമ്പും പച്ച മാംസമോ കോഴിയിറച്ചിയോ കൈകാര്യം ചെയ്തതിനു ശേഷവും കൈകൾ നന്നായി കഴുകണം, അവശേഷിക്കുന്നവ ഉടനടി റഫ്രിജറേറ്ററിൽ സൂക്ഷിക്കേണ്ടതും രണ്ട് മണിക്കൂറിൽ കൂടുതൽ മുറിയിലെ താപനിലയിൽ ഭക്ഷണം വയ്ക്കരുതെന്നും ആരോഗ്യ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.









