പറന്നുയർന്നതിന് പിന്നാലെ കരണംമറിഞ്ഞ് താഴേക്ക്; ദുബായ് എയർ ഷോയ്ക്കിടെ ഇന്ത്യയുടെ യുദ്ധവിമാനം തകർന്നു വീണു
ദുബായ്∙ എയർ ഷോയിൽ വ്യോമാഭ്യാസം നടത്തുന്നതിനിടെ ഇന്ത്യയുടെ തേജസ് യുദ്ധവിമാനം തകർന്നു വീണു. ആദ്യ റൗണ്ട് അഭ്യാസ പ്രകടനം പൂർത്തിയാക്കിയതിനു തൊട്ടുപിന്നാലെയാണ് അപകടം.
സംഘമായുള്ള പ്രകടത്തിനു ശേഷം ഒറ്റയ്ക്കുള്ള പ്രകടനം നടത്തുന്നതിനിടെ ഒരു വിമാനം തകരുകയായിരുന്നു. മുകളിലേക്കുയർന്നു പറന്ന് കരണംമറിഞ്ഞ വിമാനം നേരെ താഴേക്കു പതിക്കുകയായിരുന്നു. ഇതേത്തുടർന്ന് എയർ ഷോ താൽക്കാലികമായി നിർത്തി.
ദുബായ് സമയം ഉച്ചയ്ക്ക് 2.10ഓടെയാണ് സംഭവം. കാണികൾക്കു മുന്നിൽ അഭ്യാസ പ്രകടനം നടത്തുന്നതിനിടെയായിരുന്നു അപകടം. വിമാനം തകർന്നുവീണതോടെ വൻ അഗ്നിഗോളവും പിന്നാലെ കറുത്ത പുകയും ഉയർന്നു.
ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് നിർമിക്കുന്ന തേജസ് യുദ്ധവിമാനത്തിൽ ഒരു പൈലറ്റ് മാത്രമാണുണ്ടാവുക. പൈലറ്റ് പാരച്യൂട്ട് വഴി രക്ഷപ്പെട്ടോ എന്ന കാര്യത്തിൽ നിലവിൽ വ്യക്തതയില്ല.
അൽ മഖ്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിന് മുകളിലേക്ക് കനത്ത കറുത്ത പുക ഉയരുന്നതായി ദൃക്‌സാക്ഷികൾ പറഞ്ഞു. വിമാനം പൊട്ടിതെറിച്ച ശേഷം തീപ്പന്തായി പൊട്ടിത്തെറിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.
ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (HAL) വികസിപ്പിച്ച സിംഗിൾ-സീറ്റ് ലൈറ്റ് കോമ്പാറ്റ് എയർക്രാഫ്റ്റ് (LCA) ആയ തേജസ് ഉച്ചയ്ക്ക് 2:10 ഓടെയാണ് തകർന്നുവീണതെന്ന് വാർത്തകൾ പറയുന്നു.
പൈലറ്റ് സുരക്ഷിതമായി പുറത്തേക്ക് എജക്റ്റ് ചെയ്തോ എന്നതടക്കം വ്യക്തമായ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. ഇന്ത്യൻ വ്യോമസേനയുടെ ഔദ്യോഗിക പ്രതികരണം കാത്തിരിക്കുകയാണ്.
ലോകത്തിലെ ഏറ്റവും വലിയ വിമാന പ്രദർശനങ്ങളിലൊന്നായ ദുബായ് എയർ ഷോയിൽ നിരവധി ബഹുദൂരം വ്യാപിച്ചു നിൽക്കുന്ന കരാർ പ്രഖ്യാപനങ്ങൾ ഈ ആഴ്ച നടന്നിരുന്നു. അതിനിടെയാണ് അപകടം അരങ്ങേറിയത്.
കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ തേജസ് വിമാനവുമായി ബന്ധപ്പെട്ട രണ്ടാമത്തെ അപകടമാണ് ഇത്. 2024 മാർച്ചിൽ രാജസ്ഥാൻ ജൈസൽമേരിൽ തേജസ് വിമാനം തകർന്നുവീണിരുന്നു.
2001-ലെ ആദ്യ പരീക്ഷണ പറക്കലിന് ശേഷം 23 വർഷങ്ങൾക്കുള്ളിലുണ്ടായ ആദ്യ അപകടം അതായിരുന്നു. അന്ന് പൈലറ്റ് സുരക്ഷിതമായി എജക്റ്റ് ചെയ്തിരുന്നു.
ഏർ-ഡിഫൻസ് മിഷനുകൾ, ആക്രമണ സഹായം, ക്ലോസ് കോമ്പാറ്റ് എന്നിവയ്ക്കായി രൂപകൽപ്പന ചെയ്ത 4.5 ജനറേഷൻ മൾട്ടി-റോൾ പോർവിമാനമാണ് തേജസ്. ഭാരം കുറവും വലിപ്പം ചെറുതുമെന്നതുകൊണ്ട് ഈ വിഭാഗത്തിൽ ഏറ്റവും ലളിതമായ യുദ്ധവിമാനങ്ങളിലൊന്നുമാണ്.
വിമാനത്തിന്റെ പ്രധാന സവിശേഷതയാണ് മാർട്ടിൻ-ബേക്കർ നിർമ്മിച്ച ‘സീറോ-സീറോ’ എജക്ഷൻ സീറ്റ്. ശൂന്യ ഉയരത്തിലും ശൂന്യ വേഗതയിലും — ടെക്ക് ഓഫ്, ലാൻഡിങ് അല്ലെങ്കിൽ താഴ്ന്ന ഉയരത്തിലെ പറക്കൽ സമയങ്ങളിലും — പൈലറ്റിന് സുരക്ഷിതമായി പുറത്തേക്ക് ചാടാൻ കഴിയുന്ന സംവിധാനമാണിത്.
കാനോപ്പി പൊട്ടിച്ചുയർത്തി, പൈലറ്റിനെ വിമാനത്തിൽ നിന്ന് അകറ്റി തിരിയിച്ച് പാരച്യൂട്ട് തുറന്നു വീഴ്ച നിയന്ത്രിക്കുന്ന രീതിയിലാണ് സിസ്റ്റം പ്രവർത്തിക്കുന്നത്.
ENGLISH SUMMARY
A Tejas Light Combat Aircraft crashed during a flying display at the Dubai Air Show, erupting into flames near Al Maktoum International Airport. The condition of the pilot is still unknown, and the Indian Air Force has not yet issued an official statement. This is the second Tejas crash in two years, the previous one occurring in Jaisalmer in 2024. Developed by HAL, the Tejas is a 4.5-generation multi-role fighter equipped with a Martin-Baker zero-zero ejection seat designed to save pilots even at zero altitude and speed.
tejas-fighter-crash-dubai-air-show-2025
Tejas, IAF, Dubai Air Show, HAL, Fighter Jet Crash, Aviation Accident, India, Defence









